പെരുംതേനീച്ച ആക്രമണം; ആറുപേർക്ക് കുത്തേറ്റു
text_fieldsചെറുതോണി: കഞ്ഞിക്കുഴി പുന്നയാറ്റിൽ ആറുപേർക്ക് പെരുംതേനീച്ചയുടെ കുത്തേറ്റു. അപ്പച്ചൻ നരിക്കാട്ട് (60), ഭാര്യ ജോളി (55), സോജി തൊട്ടിയിൽ (45), കുന്നിനിയിൽ നാരായണൻ (50), ഭാര്യ സുഷമ (48), ജിസ്മോൻ പള്ളിക്കുന്നേൽ (30) എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ 8.30നാണു സംഭവം. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതര പരിക്കേറ്റ നരിക്കാട്ട് അപ്പച്ചനെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
നരിക്കാട്ട് അപ്പച്ചനും ഭാര്യ ജോളിയും സ്വന്തം സ്ഥലത്ത് പണി ചെയ്തുകൊണ്ടിരിക്കെ പെരുംതേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇരുവരും ഭയന്നോടി വീട്ടിൽ കയറി. ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയതായിരുന്നു തൊട്ടിയിൽ സോജി. ഇവകൂട്ടത്തോടെ കുത്താൻ ശ്രമിച്ചതോടെ സോജി തൊട്ടടുത്തുള്ള കുളത്തിൽച്ചാടി. സോജിയുടെ ദേഹത്ത് 19 സ്ഥലത്ത് കുത്തേറ്റിട്ടുണ്ട്. കഞ്ഞിക്കുഴി തള്ളക്കാനത്തുനിന്ന് പുന്നയാറിലേക്ക് പോകുന്ന മില്ലുംപടി-കലുങ്കുംപടി റോഡിനു സമീപത്താണ് സംഭവം. നാരായണനും ഭാര്യയും അതുവഴി നടന്നു വന്നപ്പോഴാണ് ആക്രമിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നഗരംപാറ റേഞ്ചിലെ വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

