ത്രിവേണി സംഗമത്തിൽ സൈറൺ അപ്രായോഗികം
text_fieldsത്രിവേണി സംഗമം
മൂലമറ്റം: നിരവധി അപകടവും മരണവും സംഭവിച്ച ത്രിവേണി സംഗമത്തിൽ സൈറൺ സ്ഥാപിക്കുന്നത് അപ്രായോഗികമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ഉൽപാദനം വർധിപ്പിക്കുമ്പോൾ സൈറൺ മുഴക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നൽകിയ കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി ഉപയോഗത്തിന് അനുസരിച്ച് ഉൽപാദനം കൂടുകയും കുറയുകയും ചെയ്യുന്നതിനാല്‍ മൂലമറ്റം പവര്‍ഹൗസിൽനിന്ന് പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി പറയുന്നു.
പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സൈറണ്‍ സ്ഥാപിക്കുന്നത് അപ്രായോഗികമാണെന്നും നിരന്തരമായി സൈറണ്‍ മുഴങ്ങുന്നത് ജനങ്ങള്‍ക്ക് ശല്യമായിത്തീരുമെന്നുമാണ് കെ.എസ്.ഇ.ബിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടുക്കി പവർഹൗസിന് 780 മെഗാവാട്ട് സ്ഥാപിതശേഷിയാണുള്ളത്. ദിവസംതോറും പരമാവധി ഉൽപാദിപ്പിക്കാവുന്ന വൈദ്യുതി 18.72 മില്യൺ യൂനിറ്റും ഉല്പാദനശേഷം പരമാവധി 12.735 എം.സി.എം ജലവുമാണ് പുറത്തേക്ക് ഒഴുകുന്നത്.
ഒരു മില്യൺ യൂനിറ്റിന് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ 0.68027 എം.സി.എം വെള്ളം പുറത്തേക്കു ഒഴുകുന്നു. പവർ ഹൗസിലെ ഉൽപാദനം നിയന്ത്രിക്കുന്നത് കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കൂടാതെ വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിയന്ത്രണത്തിലുമാണ്.
വൈദ്യുതി ഉൽപാദനം കൂടുന്നതും കുറയുന്നതും മിനിറ്റുകളുടെ വ്യത്യാസത്തിലും ത്രിവേണിസംഗമത്തിൽ വെള്ളം എത്തുന്നത് 2.5 കിലോമീറ്റർ ഒഴുകിയുമാണ്. ആ വ്യത്യാസത്തിനിടയിൽ മൂലമറ്റത്തുനിന്ന് സൈറൺ മുഴക്കുക എന്നത് തീർത്തും പ്രായോഗികമല്ല. തുടർച്ചയായി അപായ സൈറൺ മുഴക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാമെന്നല്ലാതെ 2.5 കി.മീറ്റർ ദൂരത്തിൽ കയത്തിൽ കുളിക്കുന്നവർക്കു ഒരു സൂചനയും കിട്ടുകയില്ല. മൂലമറ്റം ത്രിവേണി സംഗമം പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശമായതിനാല്‍ ഇവിടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പഞ്ചായത്ത് തന്നെ സുരക്ഷാവേലി കെട്ടി സംരക്ഷിക്കുന്നതാണ് ഉചിതമെന്ന് കത്തിൽ കെ.എസ്.ഇ.ബി മറുപടി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

