ബസ് കുറവ്, ട്രിപ്പ് മുടക്കം; വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ യാത്രാദുരിതം രൂക്ഷം
text_fieldsകാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ വണ്ണപ്പുറത്ത് റോഡരികിൽ
നിൽക്കുന്ന യാത്രക്കാർ
വണ്ണപ്പുറം: യാത്രക്കാരുടെ തിരക്കുള്ള വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ ബസുകൾക്ക് ഉച്ചക്ക് ഒരു മണിക്കൂറിലേറെ ഇടവേള. 12.40ന് വണ്ണപ്പുറം വഴി തങ്കമണിക്കുള്ള കെ.എസ്.ആർ.ടി.സി ബസ് പോയാൽ പിന്നീട് 1.50നാണ് ബസുള്ളത്. ഒരു മണിക്കൂർ പത്ത് മിനിറ്റ് ഇടവേള. 1.50നുള്ള സ്വകാര്യ ബസ് 1.30 ആകുമ്പോൾ വണ്ണപ്പുറത്ത് എത്തും.
ബസ് സ്റ്റാൻഡോ കാത്തിരിപ്പു കേന്ദ്രമോ ഇല്ലാത്തതിനാൽ വഴിയോരത്ത് തന്നെ നിർത്തിയിടും. അര മണിക്കൂറോളം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാർ ബസിൽ ഇരിക്കണം. മുമ്പ് 1.20ന് വണ്ണപ്പുറത്ത് നിന്ന് ചേലച്ചുവടിന് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് സർവിസ് നിർത്തിയതാണ് ദുരിതമായത്. 1.35ന് വണ്ണപ്പുറത്ത് എത്തി 1.40ന് യാത്ര തുടരേണ്ട ബസാണ് നാട്ടുകാരെ കഷ്ടപ്പെടുത്തുന്നത്.
വണ്ണപ്പുറം മേഖലയിൽ മാസങ്ങൾക്കു മുമ്പ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടി. സ്ഥിരം പെർമിറ്റുളള ചില സ്വകാര്യ ബസുകൾ പല ദിവസങ്ങളിലും ട്രിപ്പുകൾ മുടക്കുന്നത് പതിവാണ്. ഇത് ഗതാഗത വകുപ്പിനെയും പൊലീസിനെയും അറിയിച്ചതാണ്. എന്നാൽ, അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ജനങ്ങൾ പറയുന്നത്. ചില ബസുകൾ വൈകുന്നേരം അഞ്ചരക്ക് ശേഷം ട്രിപ്പുകൾ മുടക്കുന്നതും പതിവാണ്. ഇതും അധികൃതരെ അറിയിച്ചിട്ടുള്ളതാണ്. ശബരിമല ഡ്യൂട്ടി ആയതിനാലാണ് ട്രിപ്പുകൾ മുടങ്ങുന്നതെന്നും അത് കഴിഞ്ഞാൽ സർവിസുകൾ പഴയപടി ആകുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

