വീതിക്കുറവും കൊടുംവളവും; അപകടം പതിവ്
text_fieldsകഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ട്രാവലർ
അടിമാലി: മാങ്കുളം-ആനക്കുളം റോഡിലെ ഗ്രാട്ടോ വളവ് അപകടമുനമ്പാകുന്നു. കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി എത്തിയ ടൂറിസ്റ്റ് ട്രാവലർ അപകടത്തിൽപെട്ടതാണ് ഒടുവിലത്തെ സംഭവം. ബി.എം ബി.സി നിലവാരത്തിൽ അടുത്തിടെയാണ് റോഡ് നവീകരിച്ചത്. എന്നാൽ, വളവിൽ വീതികൂട്ടാനോ സുരക്ഷ ക്രമീകരണം ഒരുക്കാനോ അധികൃതർ തയാറാകാത്തതാണ് അപകടങ്ങൾക്ക് കാരണം. വീതിക്കുറവും കൊടുംവളവും കുത്തിറക്കവുമാണ് ഇവിടെ. വേഗത്തിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വളവും അപകടസാധ്യതയും മനസ്സിലാകുകയുള്ളൂ. അപ്പോഴേക്കും വാഹനം അപകടത്തിൽപെട്ടിരിക്കും. പ്രശ്നം പരിഹരിക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഫില്ലിങ് സൈഡ് ബാരിക്കേഡ് സ്ഥാപിക്കുകയും വേണം. റോഡിന് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം നൽകാൻ ഭൂവുടമ തയാറാണ്. എന്നാൽ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനകൾ വെളളം കുടിക്കുന്നതിനും നീരാട്ട് നടത്തുന്നതിനും എത്തുന്ന ആനക്കുളം ഓരിലേക്ക് എത്തുന്ന പ്രധാന പാതയാണിത്. മൂന്നാർ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും ഇവിടേക്ക് വരാറുണ്ട്. അപകടം ഒളിഞ്ഞിരിക്കുന്ന ഈ ഭാഗത്ത് അടിയന്തരമായി റോഡ് വീതികൂട്ടി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

