ഒഴുകിയ മൃതദേഹം ഷിഹാബുദ്ദീൻ കരക്കെത്തിച്ചത് പ്ലാസ്റ്ററിട്ട കൈയുമായി
text_fieldsമൃതദേഹം കരക്കെത്തിച്ച ഷിഹാബുദ്ദീൻ പൊലീസിനോട് സംഭവം വിവരിക്കുന്നു
മുട്ടം: തൊടുപുഴ ആറ്റിലൂടെ ഒഴുകിവന്ന മധ്യവയസ്കന്റെ മൃതദേഹം പെരുമറ്റം സ്വദേശി പാറക്കൽ ഷിഹാബുദ്ദീൻ (സിനാജ്) കരക്കെത്തിച്ചത് പ്ലാസ്റ്ററിട്ട കൈയുമായി.
കഞ്ഞിക്കുഴി സ്വദേശി പുലക്കുടിയിൽ ഡെന്നിയുടെ മൃതദേഹമാണ് പുഴയിൽനിന്ന് കരക്കെത്തിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തറവാട് വീടിന് സമീപം നിൽക്കുമ്പോൾ പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടു. ഉടൻ തന്റെ ഓട്ടോറിക്ഷയുമായി ഒരു കിലോമീറ്റർ താഴ്ഭാഗത്ത് മാല പമ്പ് ഹൗസിന് സമീപം എത്തി പുഴയിലിറങ്ങി നീന്തി മൃതദേഹം കരക്കെത്തിച്ചു.
അപകടത്തിൽ കൈയെല്ല് പൊട്ടി പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ് ഷിഹാബുദ്ദീൻ. സിനിമ നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങിമരിച്ചപ്പോഴും മുങ്ങിയെടുത്തത് ഷിഹാബുദ്ദീനായിരുന്നു. പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

