ഷെമീർ വീണ്ടും ഇടമലക്കുടിയിലേക്ക്; ഇക്കുറി പ്രധാനാധ്യാപകനായി
text_fieldsഅടിമാലി: സ്ഥിരം ജീവനക്കാർ ഒന്നുമില്ലാതെ അധ്യയനം പ്രതിസന്ധിയിലായ ഇടമലക്കുടി സർക്കാർ എൽ.പി സ്‌കൂളിലേക്ക് പ്രധാന അധ്യാപകൻ എത്തുന്നു. മറ്റാരുമല്ല ഇടമലക്കുടിയെ നെഞ്ചോട് ചേർക്കുകയും പഠിപ്പുറസി പദ്ധതി നടപ്പാക്കുകയും ചെയ്ത അധ്യാപകൻ ഷെമീറാണ് രണ്ടാം വട്ടവും ഇടമലക്കുടിയിലേക്ക് മലകയറാൻ തയാറായിരിക്കുന്നത്. ഇക്കുറി അധ്യാപകനായിട്ടല്ല പകരം പ്രഥമാധ്യാപകനായാണ് അടിമാലിക്കടുത്ത വെള്ളത്തൂവൽ ശല്യാംപാറ സ്വദേശിയായ ഷെമീറിന്റെ തിരിച്ചുവരവ്.
നിലവിൽ മൂന്ന് താൽക്കാലിക ജീവനക്കാർ മാത്രമാണ് ഇവിടെ ഉള്ളത്. വരുന്ന തിങ്കളാഴ്ച തന്നെ സ്‌കൂളിൽ എത്തുമെന്നാണ് ഷെമീർ പറയുന്നത്. 2021ലാണ് ഇദ്ദേഹം ആദ്യം ഇടമലക്കുടിയിൽ എത്തുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ പഠിപ്പുറസി പദ്ധതി നടപ്പിലാക്കിയത്. എസ്.എസ്.കെയിൽ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചപ്പോൾ ഷമീർ ഡി.ഡി.ഇക്ക് പ്രത്യേക അപേക്ഷ നൽകി ഇടമലക്കുടിയിലേക്ക് അധ്യാപകനായി പോവുകയായിരുന്നു.
ആശയാവതരണ രീതിയിൽ ഗോത്രഭാഷ പ്രയോജനപ്പെടുത്തി വികസിപ്പിച്ച പഠിപ്പുറസി എഴുതാനും വായിക്കാനും കുട്ടികളെ പ്രാപ്തരാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ കുട്ടികൾ ആ കഴിവ് പ്രകടിപ്പിച്ചു. സന്തുഷ്ടനായ മുഖ്യമന്ത്രി ഇടമലക്കുടി സ്കൂൾ അപ്ഗ്രേഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോത്രഭാഷയും സംസ്കാരവും ഗോത്ര ജനതയോട് ആഭിമുഖ്യവുമുള്ള ഒരാൾ അവിടെ എത്തുന്നു എന്നത് സ്കൂളിന് പ്രതീക്ഷ നൽകുന്നുണ്ട്.
എന്നാൽ, പ്രഥമാധ്യാപകനായ ഷമീറിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. മൂന്നാറിൽനിന്ന് 32 കിലോമീറ്റർ ഉൾവനത്തിലാണ് ഇടമലക്കുടി. പെട്ടിമുടി വരെ വാഹന സൗകര്യമുണ്ട്.
തുടർന്ന് വന്യജീവികളെയും ഇഴജന്തുക്കളെയും അട്ടകളെയും തരണം ചെയ്ത് വേണം സ്‌കൂളിൽ എത്താൻ. കോടികൾ മുടക്കി പെട്ടിമുടിയിൽ റോഡ് നിർമാണം തുടങ്ങിയെങ്കിലും ഒച്ചിഴയും വേഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

