അടച്ചിട്ട വീട്ടിൽനിന്ന് ഏഴര കിലോ കഞ്ചാവ് പിടികൂടി
text_fieldsതൊടുപുഴ: അഞ്ചിരി കുട്ടപ്പൻ കവലയിലെ അടച്ചിട്ട വീട്ടിൽനിന്ന് ഏഴര കിലോ കഞ്ചാവ് പിടികൂടി. തെക്കുംഭാഗം പറയാനാനിക്കൽ അനൂപ് കേശവൻ (37) വാടകക്ക് താമസിക്കുന്ന വീട്ടിൽനിന്നാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ കഞ്ചാവ് കണ്ടെത്തിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ 22 ഡിറ്റണേറ്ററും ഉണക്കയിറച്ചിയും വാറ്റുപകരണങ്ങളും വീട്ടിൽനിന്ന് കണ്ടെടുത്തു. കഞ്ചാവിെൻറ മൊത്തക്കച്ചവടക്കാരനായ ഇയാളെ തിരയുകയാണെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്തുനിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോമോൻ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൊത്ത വിതരണക്കാരൻ അനൂപാണെന്ന് മനസ്സിലായത്. വ്യാഴാഴ്ച വൈകീട്ട് പൊലീസ് എത്തുമ്പോഴേക്കും അനൂപ് വാടക വീട്ടിൽനിന്ന് മുങ്ങിയിരുന്നു. തുടർന്ന് വീടിെൻറ ഉടമസ്ഥനെ വിളിച്ചുവരുത്തി വാതിൽ തുറന്ന് അകത്ത് കയറുകയായിരുന്നു. വർക്ക് ഏരിയയിൽനിന്നാണ് കഞ്ചാവും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. കഞ്ചാവ് രണ്ട് കിലോയുടെ നാല് പാക്കറ്റാക്കി ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. എൻ.ഡി.പി.എസ്, അബ്കാരി നിയമപ്രകാരവും ലൈസൻസില്ലാതെ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനും അനൂപ് കേശവനെതിരെ കേസെടുത്തു. കണ്ടെത്തിയ ഉണക്കയിറച്ചി കാട്ടുമൃഗത്തിെൻറയാണോ എന്ന് പരിശോധിക്കും.
തൊടുപുഴ ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു പി. ബാബു, കൃഷ്ണൻ നായർ, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ഹരീഷ്, ഉണ്ണികൃഷ്ണൻ, ഡബ്ല്യു.സി.പി.ഒ നീതു, സി.പി.ഒമാരായ രാജേഷ്, ജിന്ന, ഡാൻസെഫ് സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. കൂത്താട്ടുകുളത്തെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

