നിരാശയുെട കുടക്കീഴിൽ സ്കൂൾ വിപണി
text_fieldsസ്കൂളുകളിലേക്ക് നോട്ട്ബുക്കുകൾ എത്തിക്കാൻ ഓൺലൈൻ ഓർഡർ അനുസരിച്ച് പായ്ക്ക് ചെയ്യുന്ന ജീവനക്കാരൻ. െതാടുപുഴയിലെ ബുക് സ്റ്റാളിൽനിന്നുള്ള ദൃശ്യം
തൊടുപുഴ: മേയ് മാസമാകുന്നതോടെ സജീവമാകുന്ന സ്കൂൾ വിപണി രണ്ടുവർഷമായി നിരാശയുടെ പടുകുഴിയിലാണ്. കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ സ്കൂളുകൾ അടഞ്ഞതോടെയാണ് വിപണി കൂപ്പുകുത്തി വീണത്. അടുത്ത തവണ സ്കൂൾ തുറക്കുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകളും തുടങ്ങും. കഴിഞ്ഞ തവണ വിപണിയിലേക്ക് എത്തിച്ച സാധനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യമാണ്.
പലതും നശിച്ചു. കോടികളുടെ കച്ചവടം നടക്കുന്ന വിപണിയാണ് വലിയ പ്രതിസന്ധിയിലേക്ക് ആണ്ടുപോയത്. മേയിൽ തുടങ്ങുന്ന സ്കൂൾ വിപണി മൂന്ന് മാസത്തോളം സജീവമായിരിക്കും. ബാഗ്, കുട, ഷൂസ്, മഴക്കോട്ട്, യൂണിേഫാം ഇങ്ങനെ ഒട്ടേറെ സാധനങ്ങൾക്ക് കുട്ടികളും രക്ഷിതാക്കളും കടകളിലെത്തുന്നത് കോവിഡിനു തൊട്ടുമുമ്പ് വരെയുള്ള കാഴ്ചയായിരുന്നു. വൈവിധ്യം നിറഞ്ഞ കുടകളും ബാഗുകളുമൊക്കെ വിപണിയിലെ കൗതുകക്കാഴ്ചകളുമായിരുന്നു. എന്നാൽ, ഇത്തവണ വിപണിയിൽ ഒരനക്കം പോലുമില്ല. പുതിയ ട്രെൻഡുകൾ കാണിച്ചുകൊണ്ടുള്ള പരസ്യങ്ങളുമില്ല. ഇതിനെയെല്ലാം കോവിഡ് ലോക്കാക്കി കഴിഞ്ഞു.
കുട്ടികൾക്ക് പുത്തനുടുപ്പും സ്കൂളിലേക്കുള്ള സാമഗ്രികളും വാങ്ങാനുള്ള യാത്രയൊക്കെ പഴങ്കഥകളാണ്. സ്കൂളുകളിൽനിന്ന് ഇത്തവണ പുസ്തകങ്ങൾ എത്തുമെന്ന് അവർക്കറിയാം. കുട്ടികളും ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന കാഴ്ചയാണ്. നോട്ട്ബുക്കുകൾ, പെൻസിലുകൾ, പേന തുടങ്ങിയ അനുബന്ധ സാമഗ്രികൾ മാത്രമാണ് ആകെ ചെലവാകുന്നത്. മൂന്നാഴ്ചയായി കടകൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ കച്ചവടവും മുടങ്ങി. സ്കൂൾ വിപണി പ്രതീക്ഷിച്ച് കുടിൽ വ്യവസായമെന്ന നിലയിൽ കുട നിർമാണത്തിൽ ഏർപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന പല കുടുംബങ്ങളും സ്കൂൾ തുറക്കാതായതോടെ നിരാശയിലാണ്.