Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാമീണ മേഖലയിൽ പാചകവാതക പ്രതിസന്ധി തുടരുന്നു

text_fields
bookmark_border
ബുക്ക് ചെയ്ത തീയതിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഏജൻസി വിതരണം ചെയ്തില്ലെങ്കിൽ എണ്ണക്കമ്പനികൾതന്നെ ബുക്കിങ് റദ്ദാക്കുന്നു
ഗ്രാമീണ മേഖലയിൽ പാചകവാതക പ്രതിസന്ധി തുടരുന്നു
cancel

തൊടുപുഴ: രണ്ടു ദിവസത്തിൽ കൂടുതൽ വൈകിയാൽ പാചകവാതക സിലിണ്ടറിന്റെ ബുക്കിങ് റദ്ദാക്കുന്ന രീതി ഉപഭോക്താക്കളെ പ്രയാസത്തിലാക്കുന്നു. ഗ്രാമീണ മേഖലയിലാണ് പ്രതിസന്ധി കൂടുതലും. സിലിണ്ടറിനായി ബുക്ക് ചെയ്ത തീയതിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഏജൻസി വിതരണം ചെയ്തില്ലെങ്കിൽ എണ്ണക്കമ്പനികൾതന്നെ ബുക്കിങ് റദ്ദാക്കുന്നതാണ് ഇപ്പോഴത്തെ രീതി. സിലിണ്ടർ ലഭിക്കണമെങ്കിൽ ഉപഭോക്താവ് വീണ്ടും ബുക്കിങ് നടത്തണം. ഇതിനാൽ പലയിടത്തും വിതരണ ഏജൻസികളും ഉപയോക്താക്കളും തമ്മിൽ തർക്കം പതിവായിരിക്കുകയാണ്.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ രേഖാമൂലമുള്ള നിർദേശങ്ങളൊന്നും നിലവിലില്ല. ബി.പി.സി.എൽ, ഇന്ത്യൻ ഓയിൽ തുടങ്ങിയ കമ്പനികളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. സിലിണ്ടറിന്റെ സ്റ്റോക്ക് തീരുന്നതും വിതരണ കമ്പനികളിലെ തൊഴിലാളി സമരവുംമൂലം ബുക്ക് ചെയ്തവർക്ക് സമയത്തിനുള്ളിൽ സിലിണ്ടർ വിതരണം പൂർത്തിയാക്കുക അസാധ്യമാണെന്നാണ് പ്രാദേശിക ഏജൻസികളുടെ വാദം.

നിയന്ത്രണം കുറച്ചതും ഗുണകരമായില്ല

മുമ്പ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഗ്രാമീണ മേഖലകളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവും എന്നതായിരുന്നു കണക്ക്. നിലവിൽ ഈ നിയന്ത്രണം പിൻവലിച്ചെങ്കിലും 30 ദിവസമെങ്കിലുമാവാതെ ഓൺലൈൻ ബുക്കിങ് നടത്താനാവില്ലെന്നതാണ് യാഥാർഥ്യം. ഇതിനുപുറമേയാണ് ബുക്കിംഗ് തീയതിയിൽ ഗ്യാസ് ലഭിക്കാതെ വരുന്നതും.

ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് നിർബന്ധമാക്കിയത് പ്രവാസികൾക്കും തിരിച്ചടിയാണ്. ബയോമെട്രിക് സംവിധാനമായതിനാൽ അപേക്ഷകർ നേരിട്ട് എത്തേണ്ട സാഹചര്യമാണ്. ഇതോടെ നിലവിൽ ഇവരുടെ കണക്ഷൻ സസ്പെൻഡ് ചെയ്യപ്പെടുന്ന സാഹചര്യമാണ്. പിന്നീട് ഇത് പുനഃസ്ഥാപിക്കണമെങ്കിൽ വിതരണക്കമ്പനിയുടെ സെയിൽസ് ഓഫിസർക്ക് അപേക്ഷ നൽകണം. നിലവിൽ കണക്ഷനില്ലാത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റുകയാണ് ഇതിന് ഏകപരിഹാരം. ഇതോടെ വിദേശത്ത് സ്ഥിരതാമസമില്ലാത്ത പ്രവാസികൾക്ക് സ്വന്തം പേരിൽ കണക്ഷനില്ലാത്ത അവസ്ഥയാകും.

കമ്പനികളുടെ ആപ്പ് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് മസ്റ്ററിംഗ് നടത്താമായിരുന്നതിന്റെ കാലാവധി കഴിഞ്ഞ 23ന് അവസാനിച്ചു. ഇനി മുതൽ വിതരണക്കാരായ ഏജൻസികളിൽ നേരിട്ടെത്തിയാൽ മാത്രമായിരിക്കും മസ്റ്ററിങ് നടത്താനാവുക. മരിച്ചവരുടെ പേരിലുള്ള കണക്ഷൻ മാറ്റുന്നതിനും ഏജൻസികൾ വഴി അപേക്ഷിക്കാം. ഇവക്ക് രണ്ടിനും നിലവിൽ പ്രത്യേക സമയപരിധി ഏർപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rural Areas Continue to Face Cooking Gas Crisis
Next Story