മാലിക്കുത്തിന് സമീപം വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം
text_fieldsചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കുത്തിന് സമീപം വീണ്ടും പുലിയെ കണ്ടതായി വീട്ടമ്മ. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം കാൽപ്പാടുകൾ കണ്ട പ്രദേശത്ത് കൂടുതൽ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് ക്യാമറ ട്രാപ്പ് സ്ഥാപിക്കുമെന്ന് സ്ഥലത്തെത്തിയ വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു. ഈ മേഖലയിൽ നിന്നും നിരവധി വളർത്തുമൃഗങ്ങളെ കാണാതായിരുന്നു.
കഴിഞ്ഞ ദിവസം കാണപ്പെട്ട മാലിക്കുത്തിന് സമീപമുള്ള നെല്ലം കുഴിയിൽ ബിബിന്റെ പുരയിടത്തിൽ തന്നെയാണ് കൂടുതൽ കാൽപ്പാടുകൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സമീപത്തെ പറമ്പിൽ പുലി നൽക്കുന്നതായി സമീപവാസിയായ വീട്ടമ്മ മൂലയിൽ ചിന്നമ്മയാണ് പറഞ്ഞത്.
ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പ്രദേശത്ത് ക്യാമറ ട്രാപ്പ് വച്ച് നിരീക്ഷണം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി വാർഡ് മെമ്പർ അനിൽ ബാലകൃഷ്ണൻ പറഞ്ഞു. കാല്പാടുകൾ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം പുലിയാണോ എന്ന് സ്ഥിരീകരിക്കും . ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

