ജില്ലയിൽ തസ്കര വിളയാട്ടം
text_fieldsതൊടുപുഴ: ജില്ലയിൽ ഒരിടവേളക്ക് ശേഷം മോഷണ സംഘങ്ങൾ വിലസുന്നു. ഒരാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അർബുദ രോഗിയായ വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട് 16500 രൂപയാണ് കവർന്നത്. അടിമാലി എസ്.എൻ പടിയിൽ വാടകക്ക് താമസിക്കുന്ന കളരിക്കൽ സന്തോഷിന്റെ ഭാര്യ ഉഷയെ കെട്ടിയിട്ടാണ് കവർച്ച നടത്തിയത്.
ഇതിൽ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇടുക്കി നായര് പാറക്ക് സമീപം ഡബിൾ കട്ടിങിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ വീട് കുത്തിത്തുറന്ന് ഒന്നര പവൻ സ്വർണാഭരണങ്ങളും 35000 രൂപയാണ് കവർന്നത്.
തോണിപ്പാറയിൽ ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിലിന്റെ താഴ് പൊട്ടിച്ച നിലയിലായിരുന്നു. അലമാരയും മേശയും മറ്റുപകരണങ്ങളുമെല്ലാം തകർത്ത് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഇതിനോടകം പലരെയും ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഇടുക്കിയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് തൊടുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണത്തിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല.
കടയുടെ ഷട്ടർ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മൂന്നര ലക്ഷം രൂപയാണ് കവർന്നത്. കാഞ്ഞിരമറ്റം ബൈപാസിലുള്ള കേരള ട്രേഡേഴ്സിലാണ് മോഷണം നടന്നത്. കടയുടെ മുൻ വശത്തെ ഷട്ടർ പാതി ഉയർത്തി അകത്ത് കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് കേവലം 150 മീറ്റർ അകലെയുള്ള വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

