മഹാരാഷ്ട്രയിൽ 15 കോടിയുടെ കവർച്ച: പ്രതികളിലൊരാൾ വാഗമണിൽ പിടിയിൽ
text_fieldsഇടുക്കി: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്ന് 15 കോടി രൂപ കവർന്ന സംഘത്തിലെ പ്രതികളിലൊരാളെ വാഗമൺ പുള്ളിക്കാനത്തുനിന്ന് ഇടുക്കി പൊലീസ് പിടികൂടി. പാലക്കാട് പുതുപ്പരിയാരം മുണ്ടൂർ മൈലംപള്ളി വഴുവഞ്ചേരി വീട്ടിൽ ടൈറ്റസ് ജോർജാണ് (36) പിടിയിലായത്. കുപ്രസിദ്ധ കുഴൽപ്പണ കവർച്ച സംഘത്തലവൻ കോടാലി ശ്രീധരന്റെ സംഘത്തിൽപ്പെട്ടയാളാണ് ഇയാൾ.
കഴിഞ്ഞ ഡിസംബറിലാണ് കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള 10 പേരടങ്ങുന്ന കവർച്ച സംഘം നാസിക്കിലെ ഹൈവൈയിൽ നിന്ന് വ്യവസായിയുടെ കാർ തടഞ്ഞ് പണം കവർന്നത്. 15 കോടിയുമായി വ്യവസായിയുടെ കാർ വരുന്ന വിവരം മനസിലാക്കി ഹൈവേയിൽ കാത്ത് നിന്ന സംഘം മറ്റൊരു കാർ ഉപയോഗിച്ച് തടയുകയായിരുന്നു. തുടർന്ന് വ്യവസായിയെയും കൂടെയുണ്ടായിരുന്നവരെയും ബന്ധിച്ച് വേറെ കാറിലേക്ക് മാറ്റി. പണമുള്ള കാറിൽ കവർച്ചാസംഘം കയറിയ ശേഷം രണ്ട് വാഹനങ്ങളും മുന്നോട്ട് ഓടിച്ചുപോയി. കാറിലുള്ള പണം ചാക്കിലാക്കിയ ശേഷം വാഹനം നിർത്തി വ്യവസായിയെയും കൂട്ടാളികളെയും വഴിയിലിറക്കി വിട്ട ശേഷം സംഘം സ്ഥലംവിട്ടു.
കവർച്ചയിൽ പങ്കെടുത്തവരെല്ലാം മലയാളികളാണെന്നാണ് മഹാരാഷ്ട്ര പൊലീസ് നൽകിയ വിവരം. കഴിഞ്ഞദിവസം പാലക്കാട്ടുനിന്ന് പിടികൂടിയ പ്രതികളിലൊരാൾ നൽകിയ വിവരമനുസരിച്ചാണ് ടൈറ്റസ് ജോർജ് വാഗമണിലുണ്ടെന്ന് അറിയുന്നത്. തുടർന്ന് നാസിക്കിൽ നിന്നെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനുള്ള പ്രത്യേക സംഘമായ എൽ.പി സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ പുള്ളിക്കാനത്തെ റിസോർട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൈറ്റസിനെതിരെ നാസിക്കിലെ പൊലീസ് സ്റ്റേഷനിൽ രണ്ടും കള്ളിക്കോട് പൊലീസ് സ്റ്റേഷനിലും തമിഴ്നാട് ഈറോഡ് ചിത്തോട് പൊലീസ് സ്റ്റേഷനിലും കവർച്ച കേസുകളുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി മഹാരാഷ്ട്ര പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

