അപകട വഴി; നടപടി വരുന്നു
text_fieldsതൊടുപുഴ: ജില്ലയിൽ വാഹനാപകടങ്ങളും അതിലകപ്പെട്ട് ജീവനുകൾ പൊലിയുന്ന സംഭവങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ല കലക്ടർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. ബുധനാഴ്ച മോട്ടോർ വാഹന വകുപ്പ്, വിവിധ റോഡ് വിഭാഗങ്ങൾ, കോൺട്രാക്ടർമാർ, പി.ഡബ്യൂ.ഡി എന്നിവരുൾപ്പെടുന്ന യോഗമാണ് ചേരുന്നത്.
മൂന്ന് മാസത്തിനിടെ 402 വാഹനാപകടങ്ങളിലായി 28 ജീവനുകളാണ് ജില്ലയിൽ പൊലിഞ്ഞത്. ഈ സാഹചര്യത്തിലാണ് ജില്ല കലക്ടർ ഷീബ ജോർജ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
മോട്ടോർ വാഹന വകുപ്പിെൻറയും എൻഫോഴ്സ്മെന്റിെൻറയും നേതൃത്വത്തിൽ ജില്ലയിലെ റോഡുകളിലെ അപകട മേഖലകളെക്കുറിച്ച് നേരത്തേ പഠനം നടത്തിയിരുന്നു. ഇവിടങ്ങളിലെ നിലവിലെ സ്ഥിതിയും അപകടം ഇല്ലാതാക്കുന്നതിന് സ്വീകരിച്ചിരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. തുടർന്ന് വിവിധ റോഡുകളുടെ ചുമതലയുള്ളവർക്ക് നടപടി സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങളും കൈമാറും. അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള തുടർ നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.
ജില്ലയിൽ ചില റോഡുകൾ നവീകരിച്ചശേഷം അപകടങ്ങൾ വർധിച്ചതായാണ് മോട്ടോർ വാഹന വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നത്. അമിതവേഗവും റോഡുകളെക്കുറിച്ച് പരിചയമില്ലാത്തവരുടെ ഡ്രൈവിങ്ങുമാണ് അപകടത്തിന് ഒരു പരിധിവരെ കാരണം.
ഗ്യാപ് റോഡിലടക്കം നിരവധി അപകടങ്ങളാണ് സമീപ കാലങ്ങളിൽ ഉണ്ടായത്. അപകടം കൂടുന്ന ഭാഗത്ത് റോഡിൽ ചെറിയ മുഴകൾ പോലുള്ള സംവിധാനം ഘടിപ്പിക്കാൻ നാഷനൽ ഹൈവേക്ക് കത്ത് കൊടുക്കുമെന്ന് ആർ.ടി.ഒ രമണൻ പറഞ്ഞു. കലക്ടർ വിളിച്ചിരിക്കുന്ന യോഗത്തിനുശേഷം അടിയന്തര നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമല ഇരച്ചിൽപാറക്ക് സമീപം വിവാഹ സംഘം സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
തിരുനെൽവേലിയിൽനിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ മൂന്നാറിലേക്ക് വന്ന ബസാണ് ശനിയാഴ്ച വൈകുന്നേരം 6.45 ന് തോണ്ടിമല ഇരച്ചിൽപാറക്ക് സമീപം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു. 20 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 16 പേർക്ക് പരിക്കേറ്റു. അമിത വേഗത്തിലായിരുന്ന വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് സ്ഥലത്ത് പരിശോധന നടത്തിയ എന്ഫോഴ്സ്മെന്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ റോഡ് മാത്രമല്ല തൊടുപുഴ-മൂവാറ്റുപുഴ റോഡിലും കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് അപകടങ്ങളിലായി മരിച്ചത് നാലുപേരാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി മുതൽ നേര്യമംഗലം വരെയുള്ള ഭാഗത്തും അപകടം പതിവാണ്.
പല അപകടങ്ങളുടെയും കാരണം ബ്രേക്ക് പോകുന്നതാണ്. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും. ജില്ലയുടെ മിക്ക ഭാഗങ്ങളിലും റോഡിെൻറ വീതിക്കുറവും അശാസ്ത്രീയമായ ഘടനയുമൊക്കെ അപകടങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

