ആശങ്കയുടെ മണിക്കൂറുകൾ; ആദ്യ രക്ഷാപ്രവർത്തനം മൊബൈൽ വെളിച്ചത്തിൽ
text_fieldsമണ്ണിടിച്ചിലിൽ തകർന്ന വീട്ടിൽ നടന്ന രക്ഷാപ്രവർത്തനം
അടിമാലി: ശനിയാഴ്ച രാത്രി പത്തരയോടെ വലിയ ശബ്ദത്തോടെയാണ് വലിയ മല, ലക്ഷംവീട് സങ്കേതത്തിലേക്ക് പതിച്ചത്.മണ്ണ് വന്ന് വീണതോടെ 11കെ.വി ലൈനുകൾ പൊട്ടി വീഴുകയും പോസ്റ്റുകൾ മറിഞ്ഞ് നഗറിലേക്ക് പതിക്കുകയുമായിരുന്നു. ആദ്യ രക്ഷാപ്രവർത്തനം മൊബൈൽ വെളിച്ചത്തിലായിരുന്നു.ആകെയുള്ള 44 കുടുംബങ്ങളിൽ 22 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിയിരുന്നു.എന്നാൽ 22 കുടുംബങ്ങൾ എതിർവശത്തുള്ള ചെറിയൊരു മലയുടെ മുകളിലായിരുന്നു താമസം. മണ്ണിടിഞ്ഞു വന്നതോടെ നിലവിൽ ഇവിടെ ഉണ്ടായിരുന്ന കുടുംബങ്ങൾ ഇറങ്ങി ഓടി.വൈദ്യുതി ബന്ധം പോലും നിലച്ചതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ അലറി വിളിച്ചതായി ഇവിടെ താമസിക്കുന്ന അബ്ദുള്ള പറഞ്ഞു.
മണ്ണിനടിയിൽപ്പെട്ട സന്ധ്യ മൊബൈൽ ഫോണിലൂടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അയൽവാസികളെ വിവരമറിയിച്ചതോടെയാണ് ദുരന്തവാർത്ത പുറംലോകം അറിഞ്ഞത്.ഉടൻ അടിമാലി മേഖലയിലെ മുഴുവൻ ആംബുലൻസുകളും പൊലീസും പൊതുപ്രവർത്തകരും സംഭവസ്ഥലത്ത് എത്തി.വലിയ മണ്ണ് വീണ് കിടക്കുന്നതിനാൽ അങ്ങോട്ട് കയറുവാൻ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.രാത്രി തന്നെ നാലു മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്ന് വഴിവെട്ടി 11.30 ഓടെ ബിജുവിന്റെ വീടിനടുത്ത് എത്തി.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും തകർന്ന് വീണ കോൺക്രീറ്റ് സ്ലാബിനുള്ളിൽ സുരക്ഷിതമായി ഇരിക്കുന്നതായി അറിയുന്നത്.
സന്ധ്യ വീടിൻറന്റെ ഹാളിലും, ബിജു ബെഡ്റൂമിൽ കിടക്കുന്ന അവസ്ഥയിലും ആയിരുന്നു. 12 മണി വരെ ബിജുവും സന്ധ്യയും രക്ഷാപ്രവർത്തകരോട് സംസാരിക്കുന്നുണ്ടായിരുന്നു.എന്നാൽ 12 മണിക്ക് ശേഷം ബിജുവിന്റെ പ്രതികരണം കുറയുകയും സന്ധ്യ അവശനിലയിലാകുകയും ചെയ്തു.12 മണിയോടെ ദേശീയദുരന്തനിവാരണ അംഗങ്ങൾ സ്ഥലത്തെത്തി.കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് കട്ട് ചെയ്ത് നീക്കി.
ഇതിനിടെ ഡോക്ടർമാരുടെ സംഘം എത്തി സന്ധ്യയെ പരിശോധിക്കുകയും പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്തു.ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് സന്ധ്യയെ പുറത്തെടുത്തത്.ഇവരെ പുലർച്ച തന്നെ രാജഗിരി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ബെഡ്റൂമിൽ നിന്നും ബിജുവിനെ പുറത്തെടുക്കുവാൻ കഴിഞ്ഞത്.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

