ജനസേവനത്തിനൊരുങ്ങി ജനപ്രതിനിധികൾ
text_fieldsതൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആവേശവും ആരവങ്ങളും ഒടുങ്ങിയതോടെ ജില്ലയിൽ ജനസേവകരാകാൻ ഒരുങ്ങുകയാണ് 1026 ജനപ്രതിനിധികൾ. ഹൈറേഞ്ചിലും ലോറേഞ്ചിലുമായുളള രണ്ട് നഗരസഭകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, 52 ഗ്രാമപഞ്ചായത്തുകൾ ഒരു ജില്ല പഞ്ചായത്ത് അടക്കമാണ് ഇത്രയും പേർ ജനപ്രതിനിധികളാകുന്നത്. തദ്ദേശ ഫലം പ്രഖ്യാപിച്ചതോടെ ഇവർ നിയുക്ത ജനപ്രതിനിധികളായെങ്കിലും ഞായറാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചടങ്ങുകൾ കഴിയുന്നതോടെ ഇവർ നാടിന്‍റെ ഔദ്യോഗിക ജനപ്രതിനിധികളാവും. ജനപ്രതിനിധികളെ വരവേൽക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
ഗ്രാമങ്ങളുടെ നാവാകാൻ 824 പേർ
ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിൽ നിന്ന് വിജയികളായ 824 പേരാണ് ഇനി ഗ്രാമീണ ജനതയുടെ നാവാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങുകൾ കഴിയുന്നതോടെ ഇവർ വാർഡുകളുടെ ഔദ്യോഗിക പ്രതിനിധികളാവും. ജില്ലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികളുളളത് അടിമാലി, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ്. മൂന്നിടത്തും 24 പേർ വീതമാണ് ഗ്രാമീണ ജനതയുടെ പ്രതിനിധികളാകുന്നത്. തൊട്ടുപിന്നാലെ 22 ജനപ്രതിനിധികളുമായി കുമളിയും 20 പേർ വീതമുളള മൂന്നാറും വണ്ടന്മേടുമുണ്ട്. വാത്തിക്കുടി, കൊന്നത്തടി, വണ്ണപ്പുറം പഞ്ചായത്തുകളിൽ 19 ജനപ്രതിനിധികളുമുണ്ട്. വാർഡുകളിലെ ജനകീയ പ്രശ്നങ്ങൾ പഞ്ചായത്ത് മുതൽ നിയമസഭ വരെ ഇനി എത്തിക്കുന്നത് ഇവരാകും.
ജില്ലയിലെ എട്ട് ബ്ലോക്കുകളിലായി 112 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ ബ്ലോക്കുകളിലും 14 ഡിവിഷൻ വീതമാണുളളത്. ഇവരും ചർച്ച ചെയ്യുന്നതും നടപ്പാക്കുന്നതും ഗ്രാമീണ ജനതയുടെ വിവിധ ക്ഷേമ വികസന പ്രവർത്തനങ്ങളാണ്.
നഗരസഭകൾക്കുണ്ട് 73 ജനപ്രതിനിധികൾ
ജില്ലയിലെ നഗര ജനതയുടെ ശബ്ദമാകുന്നത് ഇനി 73 ജനപ്രതിനിധികളാകും. കട്ടപ്പന, തൊടുപുഴ നഗരസഭകളിലായാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തൊടുപുഴ നഗരസഭയിൽ 38 പേരും കട്ടപ്പനയിൽ 35 പേരുമാണ് ഇത്തവണ കൗൺസിലർമാരായത്. ഇവരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും ഇന്ന് നടക്കും. നഗരസഭ വാർഡുകളിലെ ജനങ്ങളുടെ വിവിധ വികസനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതും ജനകീയ പ്രശ്നങ്ങൾ അധികാര കേന്ദ്രങ്ങളിലെത്തുന്നതും ഇനി ഇവർ മുഖേനയായിരിക്കും. രണ്ടിടത്തും ഭരണം യു.ഡി.എഫിന് തന്നെയായതിനാൽ ഭരണ തുടർച്ചയെന്ന പ്രത്യേകതയുമുണ്ട്.
സത്യപ്രതിജ്ഞക്കൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ
പുതിയ അംഗങ്ങളെ വരവേൽക്കാനായി തദ്ദേശ സ്ഥാപനങ്ങൾ ഒരുങ്ങി കഴിഞ്ഞു. അംഗങ്ങളുടെ സത്യപ്രതിജ്ഞക്കായി തെരഞ്ഞെടുപ്പ് കമീഷൻ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഞായറാഴ്ച രാവിലെ 10ന് പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യും. സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മുമ്പാകെയാകും ഇവർ പ്രതിജ്ഞ എടുക്കുന്നത്. ജില്ല പഞ്ചായത്തിൽ ജില്ല കലക്ടറും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ചുമതലപ്പെടുത്തിയത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ പ്രതിജ്ഞ ചെയ്യിക്കുക.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അധ്യക്ഷ-ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമീഷൻ അറിയിപ്പ് സെക്രട്ടറി വായിക്കും. ചടങ്ങുകൾ നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രതിനിധികളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

