തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രം നവീകരണം മന്ദഗതിയിൽ
text_fieldsതൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമാണം പൂർത്തിയായ ഇക്കോ ഷോപ്പും ടിക്കറ്റ് കൗണ്ടറും
വണ്ണപ്പുറം: തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രം നവീകരിക്കാൻ ഫണ്ട് അനുവദിച്ചിട്ടും പണി ഇഴയുന്നതായി പരാതി. ഫണ്ട് അനുവദിച്ചിട്ട് ആറു മാസമായി. ആദ്യഘട്ടത്തിൽ വേഗത്തിൽ പണി നടന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. തുടർന്ന് സർക്കാർ ഏജൻസിയായ കാഡ്കോയെ മാറ്റി മറ്റൊരു ഏജൻസിക്ക് കരാർ നൽകി. അവർ പണി ഉടൻ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ടൂറിസ്റ്റ് കേന്ദ്രം നവീകരണത്തിനായി 65 ലക്ഷം രൂപയാണ് അനുവദിച്ചത്. മഴമൂലം പണി മുന്നോട്ട് പോകാൻ തടസ്സം നേരിടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രത്തിലെ ശുചിമുറി തകരാറിലായത് സഞ്ചാരികളെ വലക്കുന്നുണ്ട്. ഉടൻ പുതിയ ശുചിമുറി നിർമിക്കുമെന്ന് അധികൃതർ പറഞ്ഞു.
ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒന്നാംഘട്ട നിർമാണത്തിന്റെ ഭാഗമായി അപകടമേഖലകളിൽ പൈപ്പുകൾ സ്ഥാപിച്ച് സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. കവാടത്തിന്റെ നിർമാണം പകുതിയാക്കി നിർത്തിയിരിക്കുകയാണ്.
ബാക്കി പണി ഉടൻ തുടങ്ങും. പ്ലാസ്റ്റിക് കുപ്പികളും മറ്റും നിക്ഷേപിക്കാൻ ബൂത്ത് നിർമിക്കുകയും ചെയ്തു. ഇക്കോ ഷോപ് -ടിക്കറ്റ് കൗണ്ടർ നിർമാണവും പൂർത്തിയായി.
വഴികളിൽ ടൈൽ പാകൽ, ബെഞ്ചുകൾ സ്ഥാപിക്കൽ, തകർന്ന ചെറുപാലത്തിന്റെ പുനർനിർമാണം, ഏറുമാടം, അപകട സൂചന ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയ ജോലികളാണ് രണ്ടാംഘട്ടത്തിൽ നടക്കേണ്ടത്. കൂടാതെ എഴു നിലക്കുത്തിന് മുകളിലായി വ്യൂ പോയന്റിന്റെ പണിയും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

