മഴ കനക്കുന്നു; ഇന്ന് റെഡ് അലർട്ട്
text_fieldsതൊടുപുഴ: കനത്ത മഴ തുടരുന്നതിനിടെ ജില്ലയിൽ ബുധനാഴ്ച റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ചു. ദിവസങ്ങളായി ഹൈറേഞ്ചിലടക്കം മഴ ശക്തമാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ കട്ടപ്പന, നെടുങ്കണ്ടം, കുമളി, വണ്ടിപ്പെരിയാർ മേഖലയിൽ വെള്ളം കയറിയും മണ്ണിടിഞ്ഞും വ്യാപക നാശമാണ് ഉണ്ടായത്. മഴ തുടരുന്നത് മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണ്.
ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി നിർദേശിക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
നിയന്ത്രണം നാളെ രാവിലെ വരെ
തൊടുപുഴ: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെ നിരോധിച്ചു. മണ്ണെടുപ്പ് ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമാണം എന്നിവ നിർത്തിവെക്കാനും നിർദേശമുണ്ട്. സാഹസിക - ജല വിനോദങ്ങളും നിരോധിച്ച് ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തനിവാരണ സേനയെ വിന്യസിക്കണം –മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി
തൊടുപുഴ: അതിതീവ്ര മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിക്കണമെന്ന് മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമാനതകൾ ഇല്ലാത്ത ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മേഘവിസ്ഫോടനത്തിന് തുല്യമായ മഴയാണ് ലഭിക്കുന്നത്.
ഡാമിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തി . ജില്ലാ ഭരണകൂടം ഫലപ്രദമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ തമിഴ് നാട് അധികാരികളോട് ആവശ്യപ്പെടണം. ഡാമിന്റെ താഴ്ന്ന പ്രദേശത്ത് വഴിവിളക്ക് സ്ഥാപിക്കുവാനും മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുവാനും നടപടികൾ സ്വീകരിക്കണം.
എൻ ഡി.ആർ.എഫിന്റെയും ദുരന്ത നിവാരണ സമിതിയുടെയും പ്രവർത്തനം കളക്ടറേറ്റ് കേന്ദ്രീകരിച്ച് ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജല വിഭവ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി ശ്രീകുമാർ, പി.ആർ.ഒ. ഷിബു.കെ തമ്പി എന്നിവർ അറിയിച്ചു.
സൂക്ഷിക്കണം!
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കണം.
അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

