മഴ തുണച്ചു; മൂലമറ്റം നിലയം അടച്ചിട്ടും കുടിവെള്ളം നിലച്ചില്ല
text_fieldsപൂർണ സംഭരണശേഷിയോടടുത്ത് ജലം എത്തിനിൽക്കുന്ന മലങ്കര അണക്കെട്ട്
മുട്ടം: മൂലമറ്റം വൈദ്യുതി നിലയം അടച്ചാൽ പത്ത് ദിവസത്തിനകം മലങ്കര വറ്റുമെന്നും കുടിവെള്ളം മുടങ്ങുമെന്നുമായിരുന്നു ആശങ്ക. എന്നാൽ, തുടർച്ചയായി പെയ്ത മഴയിൽ ജലാശയം സമൃദ്ധമായതോടെ കെ.എസ്.ഇ.ബിക്കും ജലവിഭവ വകുപ്പിനും ആശ്വാസമായി. മഴ ലഭിക്കാതെ വന്നാൽ മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴുകയും തൊടുപുഴ മുനിസിപ്പാലിറ്റിയടക്കം പദ്ധതിയിൽനിന്ന് വെള്ളം ഉപയോഗിക്കുന്ന 100ലേറെ ശുദ്ധജലവിതരണ പദ്ധതികൾ പ്രതിസന്ധിയിലാകാനും സാധ്യത ഉണ്ടായിരുന്നു.
എന്നാൽ, മഴ ലഭിച്ചതോടെ മലങ്കര ജലാശയത്തിൽ ജലനിരപ്പ് പരമാവധിയിലാണ്. ശനിയാഴ്ച വൈകീട്ടത്തെ കണക്ക് പ്രകാരം മലങ്കര അണക്കെട്ടിൽ 41.7 മീറ്റർ ജലം അവശേഷിക്കുന്നുണ്ട്. പൂർണ സംഭരണശേഷി 42 മീറ്ററാണ്. ജലാശയത്തിലേക്ക് പ്രതിദിനം ഏഴ് എം.സി.എം ജലം ഒഴുകുകയും ചെയ്യുന്നു.
തൊടുപുഴ ജലാശയത്തെ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സുകൾ വറ്റാതിരിക്കാനാണ് ഷട്ടർ ഉയർത്തി ജലം ഒഴുക്കുന്നത്. ആദ്യ ദിനങ്ങളിൽ മലങ്കര വൈദ്യുതി നിലയം പ്രവർത്തിപ്പിച്ചായിരുന്നു ജലം പുറത്തേക്ക് ഒഴുക്കിയിരുന്നത്. എന്നാൽ, പരിമിതമായ അളവിൽ നിലയം പ്രവർത്തിപ്പിക്കുമ്പോൾ ജനറേറ്ററുകൾക്ക് തകരാർ സംഭവിക്കാനുള്ള സാധ്യത ഉള്ളതിനാൽ നിലയം നിലവിൽ അടച്ചിരിക്കുകയാണ്. നിലവിൽ നാലാം നമ്പർ ഷട്ടർ 10 സെന്‍റീമീറ്റർ ഉയർത്തിയാണ് തൊടുപുഴ ആറിലേക്ക് ജലം ഒഴുക്കുന്നത്.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് മൂന്നടി ഉയർന്നു
മൂലമറ്റം വൈദ്യുതി നിലയം അറ്റകുറ്റപ്പണിക്കായി അടച്ചശേഷം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മൂന്നടി ഉയർന്നു. നിലയം അടച്ച 12ന് അണക്കെട്ടിലെ ജലനിരപ്പ് 2382.88 അടിയായിരുന്നു. എന്നാൽ, ശനിയാഴ്ച ജലനിരപ്പ് 2385.78 അടിയിലെത്തി. 2.9 അടിയുടെ വർധന. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 71 ശതമാനം ജലമാണ് അവശേഷിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച അത് 80 ശതമാനമാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഒമ്പത് ശതമാനം അധികം ഇപ്പോൾ ഉണ്ട്.
നവംബർ, ഡിസംബർ കാലങ്ങളിൽ ശരാശരി അഞ്ച് ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് മൂലമറ്റം നിലയത്തിൽ ഉൽപാദിപ്പിക്കാറുള്ളത്. നിലയം അടച്ചതിനാലും വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിലേക്ക് നീരൊഴുക്കും ശക്തമാണ്. മൂലമറ്റം വൈദ്യുതി നിലത്തിലെ അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളുടെ സ്‌പെരിക്കൽ വാൽവിൽ തകരാറുകൾ പരിഹരിക്കുന്നതിനായാണ് നിലയം ഒരുമാസം പൂർണമായും അടച്ചത്. എന്നാൽ, ഇതോടൊപ്പം നാലാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണിയും നടത്തും. നവംബർ 12 മുതൽ ഡിസംബർ 11 വരെയും അറ്റകുറ്റപ്പണി നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

