സുഗന്ധം വിതറി പുഷ്കരമുല്ല പൂത്തു
text_fieldsദേവസ്യ ഔസേഫിന്റെ വീട്ടുമുറ്റത്ത് പൂത്ത പുഷ്കരമുല്ല
തൊടുപുഴ: ഒരു പ്രദേശമാകെ സുഗന്ധം വിതറി പുഷ്കരമുല്ല പൂത്തു. ആലക്കോട് ചവർണയിലെ ഈറ്റക്കലോടിയിൽ വീട്ടിൽ ദേവസ്യ ഔസേഫിന്റെ വീട്ടുമുറ്റത്താണ് പുഷ്കരമുല്ല പൂത്തുലഞ്ഞത്.പതിറ്റാണ്ടുകൾക്ക് മുമ്പ് പഴമ്പള്ളിച്ചാലിൽ താമസിക്കുമ്പോൾ ഈറ്റവെട്ടാൻ അടിമാലി ആവറ്കുട്ടി വനത്തിൽ പോയപ്പോഴാണ് ഇലയുടെ ഭംഗികണ്ട് ചെടി പറിച്ചുകൊണ്ടുവന്ന് വീട്ടുമുറ്റത്ത് നട്ടത്. അടുത്തവർഷം ആലക്കോടേക്ക് താമസം മാറിയപ്പോഴും ചെടിയും പിഴുതെടുത്ത് ഒപ്പംകൂട്ടി.
ചവർണയിലെ വീട്ടുമുറ്റത്ത് നട്ട് അടുത്തവർഷം മുതൽ പൂവിട്ട് തുടങ്ങി. സാധാരണയിലേറെ സുഗന്ധം പരക്കാൻ തുടങ്ങിയതോടെയാണ് ചെടിയെക്കുറിച്ച് അന്വേഷിക്കുന്നതും പുഷ്കരമുല്ലയാണെന്ന് തിരിച്ചറിയുന്നതെന്നും ദേവസ്യ സെബാസ്റ്റ്യൻ പറയുന്നു.മൊട്ടിട്ട് 20 ദിവസത്തോളം എടുക്കും പൂർണമായും പൂവ് വിരിയാൻ.
തൂവെള്ള നിറത്തിൽ വിരിയുന്ന പൂവ് മൂന്ന് മുതൽ അഞ്ച് ദിവസം വരെ നിൽക്കും. വർഷംതോറും നിരവധി തൈകളും ഇതിന്റെ ചുവട്ടിൽ ഉണ്ടാകാറുണ്ട്. പൂവിന്റെ ഭംഗിയും ഗന്ധവും ഇഷ്ടപ്പെട്ട് അയൽവാസികളും മറ്റും തൈകൾ കൊണ്ടുപോകാറുണ്ട്. പൂവ് വിരിയുന്ന ഇതൾ ക്രമേണ ഇലയായി മാറുകയാണ് ചെയ്യുന്നത്. ഇലയുടെ ചെറിയ ഇതളാണ് പിന്നീട് പൂമൊട്ടായും പൂവായും മാറുന്നതെന്ന് ദേവസ്യയുടെ മകൻ ജിജോ സെബാസ്റ്റ്യൻ പറഞ്ഞു.
ഏകദേശം രണ്ടടി ഉയരത്തിലും ശാഖകൾ പടർന്നും വളരുന്ന കുറ്റിച്ചെടിയാണ് റൂബിയേസി കുടുംബത്തിൽപെടുന്ന പുഷ്കരമുല്ല. ഇതിന്റെ പൂവിന് മുല്ലപ്പൂവിനോടുള്ള സാദൃശ്യമാണ് പുഷ്കരമുല്ല എന്ന പേരുവരാൻ കാരണം.പുഷ്കരമുല്ലയുടെ പൂവിതളിന് നാടൻ മുല്ലയുടെ ഇതളിനോളം വീതിയില്ല. പക്ഷേ, നീളം കൂടുതലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

