സമരമുഖത്ത്...
text_fieldsചിന്നക്കനാലിൽ നടക്കുന്ന രാപ്പകൽ സമരം
മൂന്നാർ: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച ചിന്നക്കനാലിൽ രാപ്പകൽ സമരവും പൂപ്പാറയിൽ ജനകീയ ധർണയും പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു. ചിന്നക്കനാലിൽ കുങ്കിയാനകളെ പാർപ്പിച്ചിട്ടുള്ള സിമന്റ്പാലത്തിന് സമീപം സിങ്കുകണ്ടം കവലയിലാണ് രാപ്പകൽ സമരം ആരംഭിച്ചത്.
രാവിലെ പത്തിന് പഞ്ചായത്ത് അംഗം എം.എം. ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു. അരിക്കൊമ്പനെ പിടികൂടുന്നതുവരെ സമരം തുടരാനാണ് തീരുമാനം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളം പേരാണ് സമരപ്പന്തലിലുള്ളത്. അരിക്കൊമ്പനെ പിടികൂടാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി വൈകീട്ട് സമരപ്പന്തൽ സന്ദർശിച്ചു.
അടിമാലി: അരിക്കൊമ്പനെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പൂപ്പാറയിൽ ധർണ നടത്തി. വനം വകുപ്പും മൃഗസ്നേഹികൾ എന്നു പറയുന്നവരും കോടതിയിൽ നടത്തിയ നാടകമാണിതെന്നും 1993ൽ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകിയപ്പോഴും ഇത്തരം നാടകങ്ങൾ കണ്ടതാണെന്നും ജനപ്രതിനിധികൾ പറഞ്ഞു.
ഇനിയും കാട്ടാനകൾ മനുഷ്യജീവനുകൾ അപഹരിക്കാതിരിക്കാനാണ് പ്രത്യക്ഷ സമരവുമായി രംഗത്തുവന്നത്. കോടതിയോടോ വനം വകുപ്പിനോടോ എതിർപ്പില്ല. പക്ഷേ, ജീവനും സ്വത്തും കാട്ടാനകൾ എടുക്കുമ്പോൾ എങ്ങനെ നോക്കിനിൽക്കും. കോളനി നിവാസികളെ മാറ്റിപ്പാർപ്പിച്ചാൽ തീരുന്ന പ്രശ്നമല്ല ഇത്. രണ്ട് പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളുടെയും പ്രശ്നമാണിതെന്നും ഇവർ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി, ലിജു വര്‍ഗീസ്, സിനി ബേബി, എസ്. വനരാജ്, വി.വി. ഷാജി, എന്‍.ആര്. ജയന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

