പൗരാവകാശരേഖയും ഫയൽ വിവരങ്ങളും ഓൺലൈനിൽ ലഭ്യമാക്കാൻ നിർദേശം
text_fieldsഇടുക്കി ഗെസ്റ്റ് ഹൗസില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ എ.എ. ഹക്കീം തെളിവെടുപ്പ് നടത്തുന്നു
ഇടുക്കി: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും അവര്‍ നല്കുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകൾ, ഉത്തരവുകൾ, സര്‍ക്കുലറുകൾ തുടങ്ങിയ വിവരങ്ങളും എല്ലാവർക്കും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാൻ ഉദ്യോഗസ്ഥർ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ എ.എ. ഹക്കീം നിർദേശിച്ചു.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. സർക്കാർ ഓഫിസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓൺലൈനായി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഗെസ്റ്റ് ഹൗസില്‍ നടത്തിയ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ കമീഷന് തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പില്‍ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായോ നവമാധ്യമ സംവിധാനങ്ങള്‍ വഴിയോ വിഡിയോ കോണ്‍ഫറന്‍സിലൂടെയോ പങ്കെടുക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യം. ഓരോ ഹിയറിങ്ങിനുമുമ്പും ബന്ധപ്പെടാനുള്ള ലിങ്ക് അറിയിക്കും. ഡിസംബർ 31നകം ഈ സംവിധാനം പൂർണതോതിൽ നിലവിൽ വരും. കമീഷൻ ആരംഭിച്ച ആർ.ടി.ഐ പോർട്ടൽ വഴി രണ്ടാം അപ്പീലും പരാതി ഹരജികളും ഫീസില്ലാതെ സമർപ്പിക്കാമെന്നും കമീഷണർ അറിയിച്ചു.
ഓരോ ഓഫിസിലെയും വിവരാവാകാശ ഓഫിസര്‍മാരുടെയും ഒന്നാം അപ്പീൽ അധികാരികളുടെയും പേരും ഔദ്യോഗിക വിലാസവും ഇ-മെയില്‍ ഐ.ഡിയുമുള്പ്പെടെ വിവരങ്ങള്‍ സംസ്ഥാന വിവരാവകാശ കമീഷന് 15 ദിവസത്തിനകം ഓണ്‍ലൈനായി കൈമാറണം. ഇതിന്റെ പകര്‍പ്പ് പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കണമെന്നും എ.എ. ഹക്കീം പറഞ്ഞു.
വിവരാവകാശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോകുമ്പോള്‍ ആ കാര്യവും പുതിയ ഓഫിസറുടെ വിവരവും അതത് സമയം കമീഷനെ അറിയിക്കണമെന്നും നിർദേശിച്ചു. കമീഷന് ജില്ലയില്‍ നടത്തിയ തെളിവെടുപ്പില്‍ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫിസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹരജിക്കാരും പങ്കെടുത്തു.
ഒമ്പത് ഫയലാണ് കമീഷന് പരിഗണിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് നല്കിയ അപേക്ഷയില്‍ കട്ടപ്പന നഗരസഭയില്‍നിന്ന് കൃത്യമായ മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായ പരാതിയിൽ ഇവര്‍ക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും.
പൈനാവ് എം.ആര്.എസ് സ്കൂളിലെ മുന്‍ ജീവനക്കാരിയുടെ പരാതി, ദേവികുളം സപ്ലൈ ഓഫിസ് ആവശ്യമായ അന്വേഷണം നടത്താതെ മരിച്ചയാളുടെ പേരില്‍ മൂന്ന് മാസത്തിന് ശേഷം റേഷന്‍കാര്‍ഡിൽ പേര് ചേർത്ത സംഭവം തുടങ്ങിയവയില്‍ കര്‍ശന നടപടിക്കും കമീഷന് ശിപാര്‍ശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

