ആദിമ നാഗരികത: സർവേ നിർത്തിവെക്കാൻ നിർദേശം
text_fieldsതൊടുപുഴ: ജില്ലയുടെ ആദിമ നാഗരികത സംബന്ധിച്ച ശാസ്ത്രീയ പഠനത്തിനായി 52 തദ്ദേശ സ്ഥാപനങ്ങളിൽ നിശ്ചയിച്ചിരുന്ന സർവേ അടിയന്തരമായി നിർത്തിവെക്കാൻ കലക്ടർ ഷീബ ജോർജ് നിർദേശം നൽകി. പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സംസ്ഥാന പുരാവസ്തു ഗവേഷണ വകുപ്പിൽനിന്ന് കൃത്യമായ നിർദേശം ലഭിക്കുന്നതുവരെ സർവേ ഉണ്ടാകില്ല.
ഇടുക്കിയില്‍ പുരാവസ്തു ഗവേഷണത്തിന്റെ പേരിൽ പാമ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. ഭൂപ്രശ്നങ്ങള്‍ സങ്കീർണമായ ജില്ലയില്‍ പുതിയ സര്‍വേ ആശങ്കയുയർത്തുകയും വിവിധ ഇടങ്ങളിൽ പ്രതിഷേധമടക്കം ആരംഭിക്കുകയും ചെയ്തിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന വനം വകുപ്പ് , പട്ടികവർഗ വകുപ്പ് എന്നിവയുടെ അനുമതിയോടെ ഇടുക്കി പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തുന്നത്. മഹാശിലായുഗ കാലഘട്ടത്തിലെ ശേഷിപ്പുകളും ജനജീവിതവും പഠിച്ച് റിപ്പോർട്ട് തയാറാക്കുകയാണ് പദ്ധതി ലക്ഷ്യം. ഇടുക്കിയിലെ 52 തദ്ദേശ സ്ഥാപനങ്ങളിൽ ഫീല്‍ഡ് സർവേ നടത്തി വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.
നെടുങ്കണ്ടം പഞ്ചായത്തിലെ സർവേ ഇതിനോടകം പൂർത്തിയായി. ടൂറിസം മേഖലക്കും തദ്ദേശസ്ഥാപനങ്ങൾക്കും പ്രയോജനകരമെന്ന് അവകാശപ്പെടുമ്പോഴും ജനങ്ങളിൽ ആശങ്ക വന്നതോടെയാണ് സർവേ തടസ്സപ്പെടാനിടയായത്. പഠനത്തിന്റെ ഭാഗമായി മുൻകാലങ്ങളിൽ ചരിത്ര അവശിഷ്ടങ്ങൾ ലഭിച്ച മേഖലകൾ കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം ജില്ല മുഴുവൻ സർവേ നടത്തുന്നതാണ് ആശങ്കക്കിടയാക്കിയത്.
ഇടുക്കി പര്യവേക്ഷണ പദ്ധതിയിൽ തമിഴ്നാട് പുരാവസ്തു വകുപ്പ്, ജർമൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, പോളീഷ് അക്കാദമി ഓഫ് സയൻസ് എന്നിവിടങ്ങളിലെ ഗവേഷകരും സഹകരിക്കുന്നുണ്ടെന്നാണ് ഏജൻസിയുടെ അവകാശവാദം. സർവേയിൽ വ്യക്തത വരുത്തണമെന്ന് വിവിധ കർഷക-സാമുദായിക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

