വില ഉയർന്നു; വിപണിയിൽ കുരുമുളക് ക്ഷാമം രൂക്ഷം
text_fieldsകട്ടപ്പന: വില ഉയർന്നതോടെ വിപണിയിൽ കുരുമുളകിന് ക്ഷാമം. കുരുമുളക് വില സർവകാല റെക്കോഡിൽ എത്തിയതോടെ കർഷകർ കുരുമുളക് വിറ്റഴിക്കാതെ പിടിച്ചുവെക്കുന്നതാണ് ക്ഷാമത്തിന് കാരണം. കേരളത്തിലെ കുരുമുളക് വിൽപനയുടെ പ്രമുഖ കേന്ദ്രമായ കട്ടപ്പനയിൽ ഞായറാഴ്ച ഒരു കിലോഗ്രാം കുരുമുളകിന് 745 രൂപവരെ വില ഉയർന്നു. കൂടുതൽ കുരുമുളക് ഉണ്ടെങ്കിൽ 747 രൂപ വരെ വിലക്ക് എടുക്കാൻ വ്യാപാരികൾ തയാറായിരുന്നു. എന്നാൽ, കർഷകർ മുളക് വിറ്റഴിക്കാതെ സൂക്ഷിക്കുകയാണ്. അതിനാൽ മാർക്കറ്റിൽ കുരുമുളകിന് കടുത്ത ക്ഷാമം തുടങ്ങി.
വ്യാപാരികളും അവരുടെ പക്കലുള്ള സ്റ്റോക്ക് വിറ്റഴിക്കാതെ സൂക്ഷിക്കുകയാണ്. വ്യാപാരികൾ കൂടുതൽ വില നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും മാർക്കറ്റിൽ കുരുമുളക് വരവ് നിലച്ചിരിക്കുകയാണ്. കുരുമുളക് വില കിലോഗ്രാമിന് 800 രൂപയിലേക്ക് വരെ ഉയരാനിടയുണ്ടെന്ന സൂചനകളെ തുടർന്നാണ് കർഷകർ അവരുടെ കൈയിലുള്ള സ്റ്റോക്ക് വിറ്റഴിക്കാതെ സൂക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കുരുമുളക് വ്യാപാരികൾ കട തുറന്നിരിക്കുന്നുണ്ടെങ്കിലും അപൂർവമായാണ് കർഷകർ കുരുമുളക് വിൽക്കാൻ എത്തുന്നത്. നിത്യചെലവിനുള്ള തുകക്ക് മാത്രമാണ് കർഷകരുടെ വിൽപന.
കൊച്ചി മാർക്കറ്റിൽ അൺഗാർബിൾഡ് കുരുമുളകിന് 740 രൂപ വരെ ശനിയാഴ്ച വില ഉയർന്നിരുന്നു. ഗാർബിൾഡ് കുരുമുളകിന് 760 രൂപ വരെ വിലയുണ്ടായിരുന്നു. 2014ന് ശേഷം ഇതാദ്യമായാണ് കുരുമുളക് വില 740 മറികടക്കുന്നത്. അന്തർദേശീയ, ആഭ്യന്തര മാർക്കറ്റുകളിൽ വൻ ഡിമാൻഡ് ഉണ്ടായതാണ് ഇപ്പോഴത്തെ വിലവർധനക്ക് പ്രധാന കാരണം. കട്ടപ്പന, കരിമ്പൻ, മഞ്ഞപ്പാറ, തോപ്രാംകുടി, രാജാക്കാട്, ഉടുമ്പഞ്ചോല, അണക്കര, ഇരട്ടയാർ, തങ്കമണി, കമ്പം മേട്, ആനവിലാസം, ഉപ്പുതറ, വള്ളക്കടവ് എന്നിവിടങ്ങളിൽനിന്ന് പ്രതിദിനം നിരവധി കർഷകർ കുരുമുളകുമായി വ്യാപാരികളെ സമീപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കർഷകരാരും എത്താത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു.
ഇന്തോനേഷ്യ, ബ്രസീൽ, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള കുരുമുളകിന്റെ വരവ് അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതും ഇന്ത്യൻ കുരുമുളകിന് പ്രിയമേറിയതുമാണ് വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ കുരുമുളകിന്റെ ആഭ്യന്തര ഉൽപാദനത്തിൽ ഇടിവുണ്ടായതും കനത്ത വേനലിനെ തുടർന്ന് കുരുമുളക് ചെടികൾ നശിച്ചതും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

