വില കുതിക്കുന്നു; ഹൈറേഞ്ചില്‍ ഏലക്ക മോഷണം വ്യാപകം
text_fieldsനെടുങ്കണ്ടം: വില വര്‍ധിച്ചതോടെ ഹൈറേഞ്ചില്‍ ഏലക്ക മോഷണവും പെരുകുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏലത്തോട്ടങ്ങളിൽനിന്ന് പച്ച ഏലക്ക മോഷണമാണ് പെരുകുന്നത്. ഏലം സ്റ്റോറുകളിലും മോഷണം തകൃതിയാണ്. പട്ടാപ്പകലാണ് എലക്ക കടത്തുന്നത്. വിളവെടുക്കാന്‍ പാകമായ കായ്കളാണ് ചെത്തിയെടുക്കുന്നത്. മൂപ്പെത്തിയ കായ്കള്‍ മാത്രം പറിച്ചെടുക്കുന്നതിനാല്‍ മോഷണം വേഗം തിരിച്ചറിയാൻ കഴിയുന്നില്ല. മാത്രമല്ല, തോട്ടം ഉടമകളില്ലാത്ത സമയത്ത് തൊഴിലാളികളെന്ന വ്യാജേന മോഷ്ടാക്കള്‍ തോട്ടത്തില്‍ പ്രവേശിക്കുന്നത് തിരിച്ചറിയാന്‍ കഴിയുന്നില്ല.
തോട്ടങ്ങളില്‍നിന്ന് ഉടമ പറിച്ചെടുത്ത് ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഏലക്കയും മോഷ്ടിക്കുന്നുണ്ട്. പച്ച ഏലക്ക ശരത്തോടെ മുറിച്ചുകടത്തുന്നതിനു പുറമെ തൊഴിലാളികള്‍ എടുത്തു ചാക്കില്‍ നിറച്ചുവെച്ചിരിക്കുന്ന കായ്കളും മോഷ്ടിക്കുന്നുണ്ട്. ഏലക്ക സ്റ്റോറുകളിലും മലഞ്ചരക്ക് കടകളിലും പച്ച ഏലക്ക വ്യാപാരം വ്യാപകമായതാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം ചക്കക്കാനത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍നിന്ന് മോഷ്ടാവ് ഏലക്ക കടത്താന്‍ ശ്രമിച്ചത് ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷമായിരുന്നു. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയും മോഷ്ടിച്ചു. അയല്‍വാസികളുടെ അവസരോചിത ഇടപെടല്‍മൂലം മോഷ്ടാവിന് ഏലക്ക കടത്തിക്കൊണ്ടുപോകാന്‍ സാധിച്ചില്ല. ചക്കക്കാനത്ത് പ്രവര്‍ത്തിക്കുന്ന പൊന്നൂസ് കാര്‍ഡമം ട്രേഡിങ് സെന്ററിലാണ് മോഷണം നടന്നത്. മേഖലയിലെ ട്രാന്‍സ്ഫോര്‍മര്‍ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്തെത്തിയത്. കെട്ടിടത്തിന് മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വികളില്‍ മുഖം പതിയാതിരിക്കാന്‍ ഇവ മുകളിലേക്ക് തിരിച്ചുവെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്നത്. കടക്കുള്ളില്‍ ഗ്രേഡ് തിരിച്ചുവെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു പരിശോധിക്കുന്നത് സി.സി.ടി.വിയില്‍ കാണാം.
സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 50000ത്തോളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്തെത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകള്‍നിലയില്‍ താമസിക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു.
ഏലക്ക നിറച്ച ചാക്കുകള്‍ ചുമന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ, പ്രദേശവാസികള്‍ വിവരം അറിഞ്ഞതായി മനസ്സിലാക്കിയ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. സംഭവം നടന്ന ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടിയതിനാൽ മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തുനിന്ന് രണ്ട് ചാക്ക് ഏലക്കയും മോഷണം നടന്ന കടയുടെ മുന്നില്‍നിന്ന് ഒരു ചാക്ക് ഏലക്കയും തിരികെ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

