വിലക്കയറ്റം; അടുക്കള പൊള്ളുന്നു
text_fieldsഅടിമാലി: വിപണിയില്‍ ഒരുകിലോ വെളിച്ചെണ്ണക്ക് 450 രൂപയും കടന്നു. ദിവസവും 10ഉം 15ഉം രൂപ വീതമാണ് വെളിച്ചെണ്ണക്ക് ഉയരുന്നത്. തേങ്ങ വില കിലോക്ക് 90 രൂപയുമായി. തേങ്ങക്ക് വലിയ ക്ഷാമം നേരിടുന്നതായി വ്യാപാരികള്‍ പറയുന്നു. ചിക്കന്റെ വിലയും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 165 രൂപ വരെയാണ് ഇപ്പോള്‍ വില. ഉൽപാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വിവരം. അടുത്തിടെ 40 രൂപ വര്‍ധിപ്പിച്ച് പോത്തിറച്ചിക്ക് 440 രൂപയായി. ട്രോളിങ് നിരോധനം വരുംമുമ്പ് പച്ചമീന്‍ വില ക്രമാതീതമായി ഉയർന്നിരുന്നു.
ട്രോളിങ് തുടങ്ങിയതോടെ മത്സ്യ വിപണിയിലും വീണ്ടും വിലക്കുതിപ്പ് കാണുന്നുണ്ട്. കപ്പല്‍ അപകടം ഉണ്ടായത് കടല്‍ മത്സ്യ വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ വളര്‍ത്തുമത്സ്യങ്ങള്‍ക്ക് വലിയ ഡിമാൻഡ് ഏറി. രണ്ടാഴ്ചക്കിടെ വളര്‍ത്തുമത്സ്യ വില രണ്ടിരട്ടിയോളം വര്‍ധിച്ചു. ഗോള്‍ഡ് ഫിഷ്, ഗ്രാസ് കാര്‍പ്പ്, സിലോപി, വാള, പിരാന തുടങ്ങിയവക്ക് 240 മുതല്‍ 300 രൂപ വരെയായി. കാലവര്‍ഷം ആരംഭിച്ചതോടെ ഉണക്കമീന്‍ വിപണിയും സജീവമാണ്.
വിലയുടെ കാര്യത്തില്‍ ഉണക്കമീനും അത്ര മോശമല്ല. ഉണക്കമുള്ളന്, തെരണ്ടി, ചെമ്മീന്‍, സ്രാവ്, അയല എന്നിവക്കാണ് ആവശ്യക്കാര്‍ ഏറെയും. ഒരുകിലോ ഉണക്കമുള്ളന്റെ വില 250ല്‍നിന്ന് 350ല്‍ എത്തി. തെരണ്ടി 300 രൂപയില്‍നിന്ന് 400 ആയി. സ്രാവ് 450 രൂപയിൽനിന്ന് 600 ആയി. പച്ചക്കറി വിലയും കുതിച്ചുയര്‍ന്നു.
10 ദിവസത്തിനിടെ 70 ശതമാനം വിലവര്‍ധനയാണ് പച്ചക്കറിക്ക് ഉണ്ടായത്. ബീന്‍സ്- 100, മുരിങ്ങ- 120, ഉള്ളി- 80, പച്ചമുളക്- 90, പയര്‍- 80, പാവക്ക- 80 എന്നിങ്ങനെയാണ് വില. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയര്‍ന്നതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. വിപണയില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധമുയർത്തുന്നുണ്ട്. മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍ ഷോപ്പുകളിലും സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ലാതായി. വെളിച്ചെണ്ണ എവിടെയും ഇല്ലാത്ത അവസ്ഥയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.