സുരക്ഷാ കാമറ വരെ ഊരിയെടുത്ത് സാമൂഹികവിരുദ്ധർ; പൂമാല സ്കൂളി ൻറെ ദുരിതത്തിൽ നടപടിയെടുക്കാതെ അധികൃതർ
text_fieldsപൂമാല ട്രൈബൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധർ നശിപ്പിച്ച ഉപകരണങ്ങൾ
വെള്ളിയാമറ്റം: പൂമാല ട്രൈബൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന് പരാതി. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ യൂനിസെഫ്, എസ്.സി.ഇ.ആർ.ടി അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ സ്കൂളാണ് നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നത്. സാമൂഹികവിരുദ്ധരുടെ ശല്യം കാരണം ടോയ്ലറ്റ്, പൈപ്പുകൾ ഇവയെല്ലാം ദിവസവും മാറ്റേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം പ്രീ പ്രൈമറി കുട്ടികളുടെ വർണക്കൂടാരം സ്റ്റാർസ് പ്രീപ്രൈമറിയിലെ കളിയുപകരണങ്ങളും ഷെൽഫും അടിച്ച് തകർത്തു.
സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്ന വൃക്ഷത്തൈകൾ, പൂച്ചെടികൾ, സയൻസ് പാർക്കിന്റെ ജനൽ ചില്ലുകൾ തുടങ്ങിയവ നശിപ്പിച്ചവയുടെ കൂട്ടത്തിൽപെടും. അധ്യാപകർക്ക് താമസിക്കാൻ പണികഴിച്ച ക്വാർട്ടേഴ്സ് പാതിനശിച്ച അവസ്ഥയിലാണ്. സ്കൂളിലെ സുരക്ഷ കാമറയും സാമൂഹികവിരുദ്ധർ ഊരിയെടുത്തു. സാമൂഹികവിരുദ്ധരുടെ അക്രമം നടന്നിട്ടും നടപടി അധികൃതർ സ്വീകരിച്ചിട്ടില്ല. പൊലീസ് പട്രോളിങ് ശക്തമല്ലെന്നും ആക്ഷേപമുണ്ട്. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതാണ് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് കാരണം. ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥയിലാണ് സ്കൂൾ. ചുറ്റുമതിൽ നിർമിച്ച് സ്കൂൾ സുരക്ഷിതമാക്കാൻ പലതവണ അധികാരികളോട് ആവശ്യപ്പെട്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി പറഞ്ഞു.
സ്കൂളിന് എതിരെയുള്ള അക്രമം ചെറുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേരുകയും സ്കൂൾ സംരക്ഷണത്തിനായി ജാഗ്രത സമിതി രൂപവത്കരിക്കുയും ചെയ്തിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് ജയ്സൺ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർ അഭിലാഷ് രാജൻ, പ്രിൻസിപ്പൽ ദീപ ജോസ്, ഹെഡ്മിസ്ട്രസ് രാജി പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

