ബൈക്കപകടത്തിൽപെട്ട യുവാവിന് രക്ഷകരായി പൊലീസ്
text_fieldsകരിമണ്ണൂർ: ബൈക്കപകടത്തിൽപെട്ട് റോഡരികിൽ രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ കരിമണ്ണൂർ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പൊലീസിന്റെ സമയോചിത ഇടപെടൽ കരിമണ്ണൂർ കുമ്പിളുമൂട്ടിൽ പ്രംസണിന്റെ ജീവന് രക്ഷയുമായി.
ശനിയാഴ്ച വൈകീട്ട് മൂന്നിന് കരിമണ്ണൂർ - മനയ്ക്കപ്പാടം റോഡരികിലാണ് അപകടം ഉണ്ടായത്. രക്തത്തിൽ കുളിച്ചുകിടന്നതിനാൽ യുവാവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി തൊടുപുഴ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവാവിന്റെ ഭാര്യ എത്തുന്നത് വരെ പൊലീസ് സഹായവുമായി യുവാവിനൊപ്പം ആശുപത്രിയിൽ നിന്നു. എസ്.ഐമാരായ ജയചന്ദ്രൻ, സജികുമാർ, സി.പി.ഒമാരായ അനൂപ്, നിഷാദ് എന്നിവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

