മലങ്കര ജലാശയത്തിലെ ചളിയും മണലും നീക്കാൻ അനുമതി
text_fieldsമൂലമറ്റം: മലങ്കര ജലാശയത്തിൽ പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയ മണ്ണും ചളിയും മണലും നീക്കംചെയ്യാൻ അനുമതിയായി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് അനുമതി നൽകിയത്. ഇതോടെ ജലാശയത്തിന്റെ സംഭരണശേഷി വര്‍ധിപ്പിക്കും. അണക്കെട്ടിന്റെ പൂർണ സംഭരണശേഷി 36.36 ദശലക്ഷം ഘനമീറ്ററാണ്. എന്നാല്‍, കാലാകാലങ്ങളിലായി എക്കലും ചളിയും മണലും അടിഞ്ഞതിനെത്തുടര്‍ന്ന് ഇത് 48.95 ശതമാനമായി കുറഞ്ഞിരുന്നു.
അതായത് സംഭരണശേഷിയുടെ പകുതിയോളം നഷ്ടപ്പെട്ട സാഹചര്യമാണ്. 2021 കാലഘട്ടത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്രയും മണ്ണും ചളിയും അടിഞ്ഞതായി കണ്ടെത്തിയത്. ഇവ നീക്കംചെയ്യാൻ മന്ത്രിസഭ അനുമതി നൽകിയെങ്കിലും അനവധി കടമ്പകൾ കടന്നാൽ മാത്രമേ മണ്ണ് നീക്കംചെയ്യാൻ കഴിയുകയുള്ളൂ. സർവേയുടെ അടിസ്ഥാനത്തിൽ 2024ൽ തയാറാക്കിയ ഡി.പി.ആർ പ്രകാരം ചീഫ് ടെക്നിക്കൽ എക്സാമിനർ വീണ്ടും പഠനം നടത്തും. ഇതിനുശേഷം പരിസ്ഥിതി ആഘാതപഠനം ഉൾപ്പെടെ ലഭിച്ചാൽ മാത്രമേ അന്തിമാനുമതി ലഭിക്കുകയുള്ളൂ.
മൂലമറ്റം മുതൽ മുട്ടംവരെയുള്ള പ്രദേശത്തെ ഒമ്പത് മേജർ പോയന്റുകളിൽനിന്നും എട്ട് മൈനർ പോയന്റുകളിൽനിന്നുമാണ് പ്രധാനമായും മണ്ണ് നീക്കംചെയ്യേണ്ടത്. ഏകദേശം 18 ദശലക്ഷം ഘനമീറ്റര്‍ ചളിയും മണ്ണും എക്കലും നീക്കണം. ഈ പ്രവൃത്തി ടേണ്‍ കീ അടിസ്ഥാനത്തിലുള്ള ടെന്‍ഡര്‍ മുഖേനയാണ് നടപ്പാക്കുക. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി ഡീസില്റ്റേഷന് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിലേക്ക് പണം അടക്കുന്നതാണ് ടേണ്‍ കീ സമ്പ്രദായം.
മലങ്കര ജലാശയത്തെ ചുറ്റി അനവധി കുടിവെള്ള പദ്ധതികൾ ഉള്ളതിനാൽ കാലതാമസമെടുത്ത് മാത്രമേ മണ്ണ് നീക്കംചെയ്യാൻ കഴിയുകയുള്ളൂ. മണ്ണ് നീക്കംചെയ്യാൻ 1093 ദിവസങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് പഠനത്തിൽനിന്ന് വ്യക്തമായത്. നടത്തിയ പഠനങ്ങൾപ്രകാരം മണ്ണും ചളിയും നീക്കംചെയ്യാൻ 60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുമ്പ് പാലക്കാട് ജില്ലയിലെ മംഗളം ഡാം ഇതേ മാതൃകയില്‍ കരാര്‍ നല്‍കിയിരുന്നു. നിലവില്‍ ചുള്ളിയാര്‍, വാളയാര്‍, മീങ്കര ഡാമുകളില്‍ വിവിധ ഏജന്‍സികള്‍ ഡീസില്റ്റേഷന് പ്രവൃത്തി നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

