പെരിയാർ കുടുവ സംരക്ഷണ കേന്ദ്രം ജീവജാല വൈവിധ്യ ഹോട്സ്പോട്ട്
text_fieldsചെറിയ മീൻ പരുന്ത്, വേമ്പട പാപ്പാത്തി , വേഴാമ്പൽ
കുമളി: ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആയി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇവിടെ നടന്ന വാർഷിക സമഗ്ര ജന്തുജാല വിവര ശേഖരണത്തിൽ കൂടുതലായി രേഖപ്പെടുത്തിയത് 12 പുതിയ ജീവികൾ. എട്ട് ചിത്ര ശലഭങ്ങൾ, രണ്ട് പക്ഷികൾ, രണ്ട് തുമ്പികൾ എന്നിവയാണ് പുതിയതായി സാന്നിധ്യം അറിയിച്ചത്.
ഓരോ വർഷവും കാണപ്പെടുന്ന ജീവികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രം പശ്ചിമഘട്ടത്തിലെ ഏറ്റവും സമൃദ്ധമായ ജൈവ വൈവിധ്യ പ്രദേശങ്ങളിലൊന്നാണെന്ന അടയാളപ്പെടുത്തലാണെന്ന് ഗവേഷകർ പറയുന്നു.
സെപ്റ്റംബർ 11 മുതൽ 14 മുതൽ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രവും കേരള വനം വകുപ്പും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി, തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സമഗ്ര ജന്തുജാല വിവര ശേഖരണം നടത്തിയത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുപ്പത്തിലധികം ക്യാംമ്പുകളിലായി നടന്ന സർവേയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 100 ലധികം പേർ പങ്കെടുത്തു.
കണ്ടെത്തിയത് 207 ചിത്ര ശലഭങ്ങൾ; 71 തുമ്പിവർഗങ്ങൾ
207 ചിത്ര ശലഭങ്ങളെയാണ് ആകെ കണ്ടെത്തിയത്. സാഹ്യാദ്രി ഗ്രാസ് യെല്ലോ (വെമ്പടാ പാപ്പാത്തി) പ്ലെയിൻ ഓറഞ്ച്-ടിപ്പ് ( മഞ്ഞത്തുഞ്ചൻ), സാഹ്യാദ്രി യെല്ലോജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ) ലങ്കൻ പ്ലം ജൂഡി( സിലോൺ ആട്ടക്കാരൻ) പ്ലെയിൻ ബാൻഡഡ് ഓൾ (കാട്ടുവരയൻ ആര), മോണ്ടെനെ ഹെഡ്ജ് ഹോപ്പർ, സാഹ്യാദ്രി സ്മോൾ പാം ബോബ്, ഇന്ത്യൻ ഡാർട്ട് എന്നിവയാണ് പുതിയ കണ്ടെത്തലുകൾ. അകെ 71 തുമ്പിവർഗങ്ങൾ രേഖപ്പെടുത്തി. ഇതിൽ സാഹ്യാദ്രി ടോറന്റ്-ഹോക്ക്, കൂർഗ് ടോറന്റ്-ഹോക്ക് എന്നിവ പുതിയവയാണ്. ബ്ലാക്ക്ബേർഡ്, വൈറ്റ്-ത്രോട്ടഡ് ഗ്രൗണ്ട് ത്രഷ് എന്നീ രണ്ട് ഉപവർഗങ്ങളാണ് പക്ഷിപ്പട്ടികയിൽ പുതുതായി ഉൾപ്പെട്ടത്. കേരളത്തിന്റെ സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ നിരവധി പക്ഷികളെയും രേഖപ്പെടുത്തി.
40-ഓളം ഉറുമ്പുകൾ, 15 ഉരഗവർഗങ്ങൾ, ആറ് തരം ചീവീടുകൾ, കടുവ, പുലി, കാട്ടുപട്ടി, കാട്ട് പോത്ത്, ആന എന്നിവ ഉൾപ്പെടെയുള്ള വലിയ സസ്തനികളും കാണപ്പെട്ടു. ബ്രൗൺ മാംഗൂസ്, സ്ട്രൈപ്ഡ് നെക്ക്ഡ് മാംഗൂസ്, സ്മോൾ ഇന്ത്യൻ സിവറ്റ്, നീർനായ, ഇന്ത്യൻ പന്നിപ്പൂച്ച എന്നിവയുമുണ്ട്. സർവേയുടെ സമാപന സമ്മേളനത്തിൽ പെരിയാർ ഫീൽഡ് ഡയറക്ടർ പ്രമോദ് പി.പി., ഡെപ്യൂട്ടി ഡയറക്ടർ പി.യു.സാജു, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി.ആർ എന്നിവർ സംസാരിച്ചു. ടി.എൻ.എച്ച്.എസ് റിസർച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ സർവ്വേ ക്രോഡീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

