മുല്ലപ്പെരിയാർ: തമിഴ്നാട് പ്രഖ്യാപനത്തിൽ പെരിയാർ തീരവാസികൾ ആശങ്കയിൽ
text_fieldsകട്ടപ്പന: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പെരിയാർ തീരദേശവാസികൾ ആശങ്കയിലായി. വണ്ടിപ്പെരിയാർ മുതൽ ഉപ്പുതറ വരെയുള്ള തീരദേശവാസികളാണ് ആശങ്കയിലായത്. കാലവർഷം പെരിയാർ തീരങ്ങളെ പ്രളയത്തിലാക്കിയതിന് പിന്നാലെയാണ് തമിഴ്നാടിന്‍റെ പുതിയ പ്രഖ്യാപനം. ഇത് ഒരു കാരണവശാലും കേരളം അംഗീകരിക്കരുതെന്നാണ് തീരദേശവാസികളുടെ ആവശ്യം.
കാലവർഷം ശക്തമാകുകയും മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്യാൻ തുടങ്ങിയതോടെ മുല്ലപ്പെരിയാർ നദീതീരവാസികൾ ഭീതിയിലാണ്. ഒരാഴ്ച തുടർച്ചയായി പെയ്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകി നദീതീരത്തെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറിയിരുന്നു. അടുത്ത ദിവസങ്ങളിലും ശക്തമായ മഴുയും ചുഴലിക്കാറ്റും സംബന്ധിച്ച മുന്നറിയിപ്പുകൂടി പുറത്തുവന്നതോടെ ആളുകളുടെ ഭയം വർധിച്ചിരിക്കയാണ്.
ആയിരക്കണക്കിന് വീടുകളാണ് പെരിയാർ നദീതീരങ്ങളിലുള്ളത്. കാലവർഷത്തിൽ നദിയിലെ ജലനിരപ്പ് ഉയർന്നപ്പോൾതന്നെ ഒട്ടുമിക്ക വീടുകളും വെള്ളത്തിലായിരുന്നു. പലരും ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുകയും ചെയ്തിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് മടങ്ങിയെത്താനും കഴിയുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് പെരിയാർ തീരദേശവാസികളുടെ ആശങ്ക അകറ്റണമെന്നാണ് നദീതീരവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

