അധികൃതരുടെ അവഗണന; ചരിത്രശേഷിപ്പായ തോട്ടാപ്പുരയും നിലംപൊത്തി
text_fieldsതോട്ടാപ്പുര നിലംപതിച്ച നിലയിൽ
പീരുമേട്: അധികൃതരുടെ അവഗണനയിൽ സംരക്ഷണമില്ലാതായതോടെ ചരിത്രസ്മാരകമായ തോട്ടാപ്പുര തകർന്നുവീണു. രാജഭരണ കാലത്ത് നിർമിച്ച തോട്ടാപ്പുരയാണ് സംരക്ഷണമില്ലാതെ നിലംപതിച്ചത്. തിരുവിതാംകൂർ രാജഭരണകാലത്ത് റാണി ലക്ഷ്മിഭായി കെ.കെ റോഡ് നിർമിച്ചപ്പോൾ വെടിമരുന്ന്, വെടിക്കോപ്പുകൾ എന്നിവ സൂക്ഷിക്കാൻ വിജനമായ പ്രദേശത്ത് നിർമിച്ച ഒറ്റമുറി കെട്ടിടമാണിത്. കുമ്മായം, ശർക്കര എന്നിവ സുർക്കി മിശ്രിതം ചേർത്ത് കരിങ്കൽ കെട്ടിലാണ് നിർമാണം.
തേക്ക് തടിയിൽ നിർമിച്ച ഇടുങ്ങിയ ഒരു വാതിലും മാത്രമാണ് ഉണ്ടായിരുന്നത്. ഇടിമിന്നലിൽനിന്ന് രക്ഷിക്കാൻ കാന്തം ഉപയോഗിച്ച് മിന്നൽ രക്ഷാകവചവും സ്ഥാപിച്ചിരുന്നു. തോട്ടാപ്പുരയുടെ കാവൽക്കാരനായി പീരുമേട് സ്വദേശിയായ നാരായണനും ഉണ്ടായിരുന്നു. ഇതിന്റെ നിർമാണത്തിന് ശേഷം ഈ മേഖല തോട്ടാപ്പുര എന്ന പേരിൽ അറിയപ്പെട്ടു. ഇപ്പോൾ ഇവിടെ ജനവാസ കേന്ദ്രമാണ്.
ചരിത്രസ്മാരകമായി തോട്ടാപ്പുര സംരക്ഷിക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉയർന്നിരുന്നു. എന്നാൽ, വിനോദസഞ്ചാര വകുപ്പും ഗ്രാമപഞ്ചായത്തും നടപടി സ്വീകരിച്ചില്ല. കെട്ടിടത്തിന്റെ ഭിത്തിയിൽ വളർന്ന കൂറ്റൻ ചോലമരമാണ് നാശത്തിന് കാരണമായത്. ഭിത്തിയിൽ പൂർണമായും ഇതിന്റെ വേരുകൾ പടർന്നിരുന്നു. മരം മുറിച്ചുമാറ്റണമെന്ന ആവശ്യവും നടപ്പായില്ല. തോട്ടാപ്പുര കാണാൻ വിവിധ സ്ഥലങ്ങളിൽനിന്ന് നിരവധി സഞ്ചാരികളും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

