പരുന്തുംപാറ ഭൂമി വിഷയം; വീണ്ടും സങ്കീർണമാക്കാൻ ശ്രമം
text_fieldsപീരുമേട്: പരുന്തുംപാറയിൽ ഭൂമി കൈയേറ്റമെന്ന പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ഭൂപ്രശ്നം സങ്കീർണമാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരുടെ ഗൂഢ നീക്കം നടക്കുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ. ദിനേശൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഭൂമിയിൽ ഒരുവിധ പരാതിയും ഇല്ലാതിരിക്കെയാണ് ഏതാനും വർഷം മുമ്പ് മാധ്യമ വാർത്തയെ തുടർന്ന് പരുന്തുംപാറ ഭൂവിവാദം തുടങ്ങിയത്.
ജില്ലയ്ക്ക് പുറത്തുള്ള പരിസ്ഥിതി സംഘടന നൽകിയ പരാതിയിൽ മറ്റൊരു കേസിന്റെ പരിശോധന നടക്കവെയാണ് ഭൂപ്രശ്നം ഉയർന്നത്. തുടർന്ന് ഭൂമിയുടെ രേഖകൾ പരിശോധിക്കാൻ ഹൈകോടതി നിർദേശിച്ചു. വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശത്തെ തുടർന്ന് കമീഷനെ നിയോഗിച്ചു.
മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441 ലും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലും ഉൾപ്പെടുന്ന മുഴുവൻ പ്രദേശത്തും മാർച്ച് മുതൽ നിർമാണ നിരോധനം ഏർപ്പെടുത്തിയിരുന്നു. പട്ടയ ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന നിരവധി കുടുംബങ്ങൾ റവന്യൂ അധികാരികളുടെ നടപടിയിൽ പ്രതിസന്ധിയിലാണ്. നിരവധി ആളുകൾക്ക് റവന്യൂ അധികാരികൾ നോട്ടീസ് നൽകി. തലമുറകളായി താമസിച്ചുവരുന്ന നൂറുകണക്കിന് കുടുംബങ്ങൾ അടക്കം ഓഫീസുകൾ കയറിയിറങ്ങുകയാണ്. മൂന്നു സെൻറ് മുതൽ രണ്ടര ഏക്കർ വരെ ഭൂമിയുള്ള സാധാരണക്കാരാണ് പ്രദേശത്ത് ഏറെയും.
ഗ്രാമ്പി, കല്ലാർ, ഓട്ടപ്പാലം, പീരുമേട് പ്രദേശങ്ങളിലാണ് കൈയേറ്റമെന്ന് റവന്യൂ അധികൃതർ ആരോപിക്കുന്നത്. ഇവിടെയുള്ളവർ നിയമപ്രകാരം പട്ടയം ലഭിച്ചവരാണ്. 2100 തണ്ടപ്പേരുകളിലായാണ് പ്രദേശത്ത് ഭൂമിയുള്ളത്. ഇതിൽ 900 പേർക്ക് മാത്രമാണ് നോട്ടീസ് നൽകിയത്. ഇതിൽ 200നടുത്ത് പേർ മാത്രമാണ് ഇതിനകം രേഖകൾ ഹാജരാക്കിയത്. ഇതുവരെ നൽകിയ 200 ഓളം പേരുടെ രേഖകൾ പൂർണ പരിശോധന നടത്തിയിട്ടുമില്ല. പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ജനങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള റവന്യൂ അധികൃതരുടെ നടപടി പിൻവലിക്കണം. പീരുമേട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. ജെ. തോമസും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

