പദ്ധതി നടത്തിപ്പിൽ പഞ്ചായത്തുകള്‍ ശ്രദ്ധ പുലര്‍ത്തണം -ജില്ല ആസൂത്രണ സമിതി യോഗം
text_fieldsഇടുക്കി: പദ്ധതി നടത്തിപ്പിലും തുക വിനിയോഗിക്കുന്നതിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അനുവദിക്കുന്ന പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ കാര്‍ഷിക ഉൽപന്നങ്ങള് വിറ്റഴിക്കാനായി 'കരുതല്‍' എന്ന പേരില്‍ ജില്ല പഞ്ചായത്ത് പദ്ധതി ആരംഭിക്കും. പഞ്ചായത്തുകളുടെ വിഹിതം കൂടി ചേര്‍ത്താല്‍ പദ്ധതി വിജയകരമാക്കാം. സര്‍ക്കാറിന്റെ പുതിയ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ വ്യക്തികളില്‍ നിന്നോ പദ്ധതി പൂര്‍ത്തീകരണത്തിന് പണം കടമെടുക്കാം. പദ്ധതി തുക ചെലവഴിക്കുന്നതില്‍ മുന്നിലെത്തിയ പീരുമേട്, ഉപ്പുതറ, നെടുങ്കണ്ടം, വണ്ണപ്പുറം, ഉടുമ്പഞ്ചോല ഗ്രാമ പഞ്ചായത്തുകളെ പ്രസിഡന്റ് അഭിനന്ദിച്ചു.
നവംബര്‍ 17 ന് പഞ്ചായത്തുകളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യാന്‍ തദ്ദേശ മന്ത്രി എം. ബി. രാജേഷ് ജില്ല സന്ദര്‍ശിക്കുമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ നിർദേശിച്ച പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. ഓരോ പഞ്ചായത്തുകളിലും നടക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും പുതിയതായി തുക അനുവദിച്ച പദ്ധതികളുടെ നടത്തിപ്പും യോഗത്തില്‍ അവലോകനം ചെയ്തു. 2022-23 ലെ വാര്‍ഷിക പദ്ധതികളുടെ അവലോകനവും നടന്നു. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതും നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള പദ്ധതി, ഖര മാലിന്യ സംസ്കരണം, കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതികള്‍ തുടങ്ങിയവക്ക് മുന്‍ഗണന നല്‍കണം. ഗോത്രസാരഥി പദ്ധതി, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സഹായം, സാമൂഹ്യ സുരക്ഷ മിഷന് തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്തു. കെട്ടിടം ഇല്ലാത്ത കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കുന്ന പദ്ധതിയില്‍ അടിമാലി ഗ്രാമപഞ്ചായത്തിലെ കൊരങ്ങാട്ടി ഉപകേന്ദ്രത്തിന് 25 ലക്ഷം രൂപ ആദ്യ ഗഡു അനുവദിച്ചതായി യോഗത്തില്‍ അറിയിച്ചു. ജില്ലതല തൊഴില്‍ സഭ ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്തില്‍ നവംബര്‍ ഏഴിന് രാവിലെ 11ന് എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍, ആസൂത്രണ സമിതി അംഗങ്ങളായ സി.വി. സുനിത, സി. രാജേന്ദ്രന്, അഡ്വ. എം. ഭവ്യ, ഷൈനി സജി, ഇന്ദു സുധാകരന്, ജോസഫ് കുരുവിള, പ്രഫ. എം.ജെ. ജേക്കബ്, ജോണി കുളമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.എം. നൗഷാദ്, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

