പടയപ്പ ബസ് ആക്രമിച്ചു; അരിക്കൊമ്പൻ വീട് തകർത്തു
text_fieldsഅരിക്കൊമ്പൻ തകർത്ത വീട്
അടിമാലി: മൂന്നാറിലും പൂപ്പാറയിലും കാട്ടാന ആക്രമണം. മൂന്നാർ നെയ്മക്കാടിനു സമീപം പടയപ്പ എന്ന കാട്ടാന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തു. പൂപ്പാറ തലക്കുളത്ത് അരിക്കൊമ്പൻ വീട് തകർത്തു.പളനിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം. ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. 30ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മുൻവശത്തെ ചില്ല് തകർത്ത ആന, വാഹനം കുത്തിമറിക്കാനും ശ്രമിച്ചു.
ബസ് മുമ്പോട്ട് എടുക്കാതെ നിർത്തിയിട്ട് ഡ്രൈവർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാരെ ഏറെനേരം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ശേഷമാണ് കാട്ടുകൊമ്പൻ മടങ്ങിയത്. കഴിഞ്ഞ ദിവസം നെയ്മക്കാട്ട് എത്തിയ പടയപ്പ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. മൂന്നാർ, ദേവികുളം, മാട്ടുപ്പെട്ടി മേഖലകളിൽ ഈ ആന ജനജീവിതത്തിന് വലിയ ഭീഷണിയാണ്.
ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് പൂപ്പാറ തലക്കുളം സ്വദേശി ബൊമ്മരാജിന്റെ വീട് അരിക്കൊമ്പൻ ആക്രമിച്ചത്. സംഭവസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീട് ഭാഗികമായി തകർന്നു. നാട്ടുകാർ ബഹളംവെച്ച് കൊമ്പനെ തുരത്തുകയായിരുന്നു.മദപ്പാട് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന അരിക്കൊമ്പൻ 30 ദിവസത്തിനിടെ 15 വീട് തകർത്തു. കൂടാതെ ചിന്നക്കനാലിലെ റേഷൻ കടയും അഞ്ച് വ്യാപാര സ്ഥാപനവും തകർത്തിട്ടുണ്ട്.
അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ കാട്ടാനകളും ജനവാസമേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ വനം വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

