വെള്ളിയാമറ്റം പഞ്ചായത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ അംഗം പ്രസിഡൻറ്
text_fieldsതൊടുപുഴ: വൺ ഇന്ത്യ വൺ പെൻഷൻ പഞ്ചായത്ത് അംഗം എൽ.ഡി.എഫ് പിന്തുണയിൽ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻറായി.ഭരണം പിടിച്ചെടുക്കാമെന്ന് വിചാരിച്ചിരുന്ന യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് എൽ.ഡി.എഫ് ഇതിലൂടെ നൽകിയത്. 15അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ഏഴ് അംഗങ്ങളായിരുന്നു യു.ഡി.എഫിനുണ്ടായിരുന്നത്.
എൽ.ഡി.ഫിന് ആറ് അംഗങ്ങളും. ഈ സാഹചര്യത്തിൽ വൺ ഇന്ത്യ വൺ പെൻഷെൻറ ഇന്ദു ബിജുവിെൻറയും ബി.ജെ.പി റെബലായി മത്സരിച്ച രാജു കുട്ടപ്പെൻറയും പിന്തുണയിൽ എൽ.ഡി.എഫ് വെള്ളിയാമറ്റത്ത് അധികാരത്തിലെത്തുകയായിരുന്നു.
പ്രസിഡൻറ് സ്ഥാനം ആദ്യ രണ്ടുവർഷം ഇന്ദു ബിജുവിനും തുടർന്ന് രണ്ടുവർഷം രാജു കുട്ടപ്പനും അവസാന ഒരുവർഷം എൽ.ഡി.എഫിനും എന്ന തരത്തിലാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ഇന്ദു ബിജുവിന് രണ്ട് വർഷം പ്രസിഡൻറ് സ്ഥാനം കൂടാതെ മൂന്നുവർഷം വൈസ് പ്രസിഡൻറ് സ്ഥാനം കൂടി ലഭിക്കും.