മുക്കുപണ്ടം പണയംവെച്ച് ഒന്നരലക്ഷം തട്ടി: രണ്ടുപേർ അറസ്റ്റിൽ
text_fieldsകുമളി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കുമളി അമരാവതി കണിമറ്റത്തിൽ രഞ്ജുമോൻ (40) നാലാംമൈൽ കുമ്മണ്ണൂർ പറമ്പിൽ ബിജോയ് (41) എന്നിവരാണ് പിടിയിലായത്.
കുമളി ഒന്നാംമൈലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അഞ്ചുമാസം മുമ്പ് 34.950 ഗ്രാം ആഭരണം പണയംവെച്ച് പ്രതികൾ 1.45 ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു.ആഭരണം തിരികെയെടുക്കാതിരുന്നതോടെ സംശയംതോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതിനെ തുടർന്ന് മാനേജർ അന്നമ്മ ജോസഫ് കുമളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ, എസ്.ഐ സലീം രാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

