ഓണം ആഘോഷമാക്കാൻ മലയോരം
text_fieldsപൂവിളിയും ഓണപ്പാട്ടും ഊഞ്ഞാലാട്ടവും പുലികളിയും പൂക്കളവും സദ്യക്കുള്ള ചിട്ടവട്ടങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിവിധ സംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് ഓണാഘോഷം ഇപ്പോഴെ പൊടിപൊടിക്കുന്നത്.
വിവിധ സംഘടനകളുടെയും ക്ലബുകളുടെയും വിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ ഓണക്കാല മത്സങ്ങള്‍ തുടരുകയാണ്. ഗൃഹാതുരത്വമുണര്‍ത്തുന്ന മല്‍സരങ്ങളാണ് ഓണാഘോഷ പരിപാടികളുടെ പ്രത്യേകത. അപരിചിതമാകുന്ന ഓണക്കളികള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും ജാതിമത ഭേദമന്യേയുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമാണ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഓണക്കാലത്തെ മല്‍സരങ്ങളില്‍ നാടന്കളികള്ക്കാണ് പ്രാമുഖ്യം കൂടുതല്‍. മലനാട്ടിലെ യുവതയുടെ കൈക്കരുത്ത് പരീക്ഷിക്കുന്ന വടംവലിയാണ് ഓണക്കളികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പ്രായഭേദമന്യേയാണ് വടംവലി മല്‍സരം. വന്‍തുക സമ്മാനം ലഭിക്കുന്ന മല്‍സരങ്ങള്‍ക്കു പുറമെ പ്രദര്‍ശന മല്‍സരങ്ങളും നടത്താറുണ്ട്. സ്കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ടിയും ക്ലബുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായും വടംവലി മല്‍സരങ്ങള്‍ നടത്തിവരുന്നുണ്ട്.
ഇതുകൂടാതെ കസേരകളി, ചാക്കിലോട്ടം, പകിടകളി, ചെസ്, കാരംസ്, തീറ്റമത്സരം എന്നിവയും മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിക്കുന്നു. കുപ്പിയില്‍ വെള്ളംനിറയ്ക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, റൊട്ടി കടി, കലം തല്ലിപ്പൊട്ടിക്കല്‍, വാഴയില്‍ കയറ്റം, ആനക്ക് വാലുവരക്കല്, വാലു പറിക്കല്‍, കുരുന്നുകള്‍ക്കായി മിഠായി പെറുക്കല്‍ എന്നിവയും ഓണക്കാലത്തെ കൗതുകമുണര്‍ത്തുന്ന കളികളാണ്. ഇതിനുപുറമെ ഇരു ചക്രവാഹനങ്ങളുടെ സ്ലോറേസും സ്പീഡ് റേസും ക്ലബുകളുടെയും മറ്റും നേതൃത്വത്തില്‍ സംഘടിപ്പിക്കും. പ്രായഭേദമന്യേ അത്യന്തം ആവേശത്തോടെയാണ് ഓണക്കാല മത്സരങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം. കളികളില്‍ പങ്കാളികളാകാന്‍ അന്യദേശത്തുനിന്നു പോലും നാട്ടിലേക്കെത്തുന്നവരും കുറവല്ല.
ഓണസദ്യ, പായസം...
ഓണദിവസങ്ങളിലേക്കുള്ള സദ്യയുടെ ബുക്കിങ് പല ഹോട്ടലുകളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഹോം ഡെലിവറി സൗകര്യവും ചില ഹോട്ടലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സദ്യക്കുപുറമേ, പായസം മാത്രമായി നൽകാനും വിവിധ ഹോട്ടലുകൾ റെഡി. അടപ്രഥമൻ, പാലട, ഗോതമ്പ്, ചെറുപയർ, അരിപ്പായസം എന്നിങ്ങനെ വ്യത്യസ്ത തരം പായസങ്ങൾ ലഭ്യമാണ്. പതിവ് തെറ്റിക്കാതെ, ചില കാറ്ററിങ് യൂനിറ്റുകളും ഓണസദ്യ ഒരുക്കി നൽകാൻ രംഗത്തുണ്ട്.
വിവിധ ബേക്കറികളിലും പ്രധാന ടൗണുകളിൽ വഴിയോരങ്ങൾ കേന്ദ്രീകരിച്ചുമെല്ലാം പായസമേളകൾ നടന്നുവരുന്നു. ഓണമെത്തിയതോടെ ഉപ്പേരി വിപണിയും ഉണർന്നു. പ്രധാന ബേക്കറികൾ സ്വന്തമായി ഉപ്പേരി വറുത്താണ് വിൽക്കുന്നത്. വിവിധ കുടുംബശ്രീ യൂനിറ്റുകളും ഉപ്പേരിയും ശർക്കര വരട്ടിയും തയാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്. ഓണക്കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് പച്ചക്കറി വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

