വെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ല രക്ഷയില്ലാതെ അടിമാലി അഗ്നിരക്ഷ നിലയം
text_fieldsഅടിമാലി അഗ്നിരക്ഷ നിലയം
അടിമാലി: വെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഗുരുതര പ്രതിസന്ധിയിൽ അടിമാലി അഗ്നിരക്ഷ നിലയം. 2015ൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത അടിമാലി മിനി ഫയർ സ്റ്റേഷനാണ് പ്രതിസന്ധി നേരിടുന്നത്.
ഭൂമിക്ക് പട്ടയമില്ലാത്തതാണ് ഈ സ്ഥാപനം നേരിടുന്ന വെല്ലുവിളിയിൽ മുഖ്യം. അടിമാലി പഞ്ചായത്ത് ഭൂമി കണ്ടെത്തി കെട്ടിടം ഉൾപ്പെടെ പണിത് കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. ഇതിന് ശേഷം ഈ സ്ഥലം വിട്ടുനൽകണമെന്നും ആധാരം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്നും തണ്ണീർതടത്തിൽ ഉൾപ്പെട്ട ഭൂമിയാണെന്നും വ്യക്തമായത്. ഇതോടെ ഈ സ്ഥാപനം ഇവിടെ നിന്ന് മാറ്റാൻ പഞ്ചായത്ത് സ്ഥലം അനുവദിച്ചുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടെ വികസനങ്ങളെല്ലാം തടസ്സപ്പെടുകയായിരുന്നു.
ഇവിടെ അനുവദിച്ച വാട്ടർ ലോറി ഇടാൻ സൗകര്യം ഇല്ലാത്തതിനാൽ രാജാക്കാട്ടേക്ക് മാറ്റി. ഫയർ എൻജിനിൽ വെള്ളം നിറക്കാൻ കിലോമീറ്ററുകൾ അകലെ കല്ലാർകുട്ടി ഡാമിൽ പോകേണ്ട അവസ്ഥയാണ്. ചൊവ്വാഴ്ച അടിമാലിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി. വെള്ളം ഇല്ലാത്തതിനാൽ ഫയർ എൻജിൻ മടക്കിക്കൊണ്ട് പോകേണ്ട സാഹചര്യംപോലും ഉണ്ടായി. സ്വന്തമായി കുഴൽകിണർ കുഴിക്കാമെന്ന് വെച്ചാൽ ഭൂമിക്ക് പട്ടയമില്ലാത്തത് തടസ്സമാകുന്നു. മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ തന്റെ പ്രാദേശിക വികസന ഫണ്ടിൽ 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പട്ടയം ഇല്ലാത്തതിനാൽ ഈ ഫണ്ട് ലാപ്സായി. പിന്നീട് നടന്ന ഓഡിറ്റ് പരിശോധനയിൽ ഉൾപ്പെടെ പട്ടയം വലിയ തടസ്സമായി നിൽക്കുന്നതായി കണ്ടെത്തി.
പുതിയ ഭൂമിക്കായി ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. പട്ടയഭൂമി കിട്ടിയാലേ ഇവിടെ വികസനം എത്തൂവെന്നതാണ് സ്ഥിതി. നിലവിലെ കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ശോച്യാവസ്ഥയിലാണ്. അസി. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 21 ജീവനക്കാർ ആവശ്യമായ ഇവിടെ നാല് ഫയർമാൻ, ഒരു ഡ്രൈവർ ഉൾപ്പെടെ അഞ്ച് ഒഴിവുകളുണ്ട്. തൊടുപുഴ ഫയർ സ്റ്റേഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അടിമാലിയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

