കാട്ടാനയെ തുരത്താനുള്ള സ്പെഷൽ ഡ്രൈവിലും ജില്ലക്ക് അവഗണന
text_fieldsപീരുമേട്: കാട്ടാനകളെ തുരത്താൻ ആരംഭിച്ച സ്പെഷൽ ഡ്രൈവിലും ജില്ലക്ക് അവഗണന. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വനം വകുപ്പ് ആരംഭിച്ച പ്രത്യേക സ്പെഷൽ ഡ്രൈവിലാണ് ജില്ലയെ അവഗണിച്ചത്. സംസ്ഥാനത്തുതന്നെ ആനശല്യം രൂക്ഷമായ പീരുമേട്, പെരുവന്താനം ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി ആരംഭിക്കാത്തതാണ് വിവാദമാകുന്നത്.
രണ്ട് പഞ്ചായത്തുകളിലും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തകാലത്ത് രണ്ട് വീട്ടമ്മമാർ കൊല്ലപ്പെട്ടിരുന്നു. പ്ലാക്കത്തടം സെറ്റിൽമെന്റ് കോളനിയിൽ 2016 മുതൽ ആനശല്യം രൂക്ഷമാണ്. ഇവിടെ 150 കുടുംബങ്ങൾ ഭീതിയിലാണ്. കൃഷി പൂർണമായും നശിപ്പിച്ചു. തോട്ടാപ്പുര-കച്ചേരിക്കുന്ന്-സർക്കാർ അഥിതി മന്ദിരം, കുട്ടിക്കാനം കരണ്ടകപ്പാറ-തട്ടത്തിക്കാനം, കൊട്ടാരം പരിസരം പാമ്പനാർ, കല്ലാർ, അഴുതയാർ എന്നിവിടങ്ങളിലും ആനശല്യം രൂക്ഷമാണ്.
പെരുവന്താനം പഞ്ചായത്തിലെ മതമ്പ-ചെന്നാപ്പാറ, കണയങ്കവയൽ, പുറക്കയം മേഖലകളിലും ആനക്കൂട്ടം നാശം വിതക്കുകയാണ്. ജനം ഭീതിയിൽ കഴിയുമ്പോഴും വനംവകുപ്പ് നിസ്സംഗതയിലാണ്. ചെന്നാപ്പാറയിൽ ആനശല്യത്തെ തുടർന്ന് പ്രദേശവാസികൾ വീടുകൾ ഒഴിയുന്ന സാഹചര്യമുണ്ട്. മേഖലയിൽ പകലും രാത്രിയും ആനകൾ പൊതുവഴികളിലും ഇറങ്ങുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമാണ്. ആളുകൾ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും വീടുകൾക്ക് സമീപം വൈദ്യുതി ബൾബുകൾ സ്ഥാപിച്ച് പ്രകാശം പരത്തിയും പ്രതിരോധം തീർക്കുകയാണ്.
ആനശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ 2016 മുതൽ നിരവധി സമരങ്ങൾ നടന്നു. എന്നാൽ, ആനശല്യവും മരണങ്ങളും ജനകീയ പ്രക്ഷോഭങ്ങളും തുടരുമ്പോഴും പെരുവന്താനം, പീരുമേട് പഞ്ചായത്തിലെ ആന ശല്യം രൂക്ഷമായ മേഖലകളിൽ സ്പെഷൽ ഡ്രൈവ് ആരംഭിക്കാൻ തയാറാകാത്ത വനം വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കാട്ടാന മൂലമുള്ള കൃഷിനാശം, നിലവിലെ സാന്നിധ്യം എന്നിവയെക്കുറിച്ച് വനം വകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ആറ് സ്ഥലങ്ങളെ സ്പെഷൽ ഡ്രൈവിൽ ഉൾപ്പെടുത്തിയത്. ആറളം, വയനാട്, പാലക്കാട്, മണ്ണാർക്കാട്, മലയാറ്റൂർ, കോതമംഗലം എന്നീ സ്ഥലങ്ങളിലാണ് വനം വകുപ്പ് പദ്ധതി ആരംഭിച്ചത്.
ആനകളെ നിരീക്ഷിക്കുക, തുരത്തുക, ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക എന്നിവയാണ് ഇതിലൂടെ നടത്തുന്നത്. ഈ സ്ഥലങ്ങളിൽ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുക, കൺട്രോൾ റൂം സജ്ജമായിരിക്കുക, സൗരോർജ തൂക്കുവേലികൾ, വൈദ്യുതിവേലി എന്നിവയുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുക, മരങ്ങൾ വീണ് വേലിയുടെ പ്രവർത്തനം തകരാറിലാകാതെ നിരീക്ഷിക്കുക എന്നിവയോടൊപ്പം പകലും രാത്രിയും ആർ.ആർ.ടി.യുടെ സാന്നിധ്യവും ഉണ്ടാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

