സുരക്ഷാ സംവിധാനമില്ല; പാലം കടക്കാൻ ഭയന്ന് നാട്ടുകാർ
text_fieldsകൈവരിയില്ലാതെ അപകടാവസ്ഥയിലുള്ള ലക്ഷം വീട് പാലം
അടിമാലി: ദേവിയാർ പുഴക്ക് കുറുകെയുള്ള ഈ പാലം കടക്കാൻ ശ്രദ്ധ മാത്രം പോരാ, ഭാഗ്യം കൂടി വേണം. കുത്തനെയുള്ള ഇറക്കം ഇറങ്ങി പാലത്തിൽ എത്തിയാൽ ൈകവരി ഇല്ലാത്തതാണ് എറ്റവും വലിയ പ്രശ്നം. ചെറിയൊരു അശ്രദ്ധ ജീവൻ തന്നെ ഇല്ലാതാകുമെന്നാണ് അവസ്ഥ.
കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ പത്താംമൈൽ പീതാംബരൻ ജങ്ഷനിൽനിന്ന് ലക്ഷം വീട് കോളനിയുടെ കവാടത്തിലേക്കുള്ള പാലമാണ് സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ ഭീഷണി നേരിടുന്നത്. പാലം ഉയർത്തി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ശക്തമായ മഴ പെയ്താൽ പാലം വെള്ളത്തിൽ മുങ്ങും. ഇതോടെ, ലക്ഷം വീട് കോളനി, 20 സെന്റ് കോളനി എന്നിവിടങ്ങളിലുള്ളവർ ദുരിതത്തിലാകും. നേരത്തേ, അപകടങ്ങൾ ഉണ്ടായപ്പോൾ പാലത്തിന് കൈവരി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല.
സ്കൂൾ വിദ്യാർഥികൾ, അംഗൻവാടി കുട്ടികൾ, കർഷകർ, തൊഴിലാളികൾ, ഗ്രാമവാസികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന പാലമാണിത്. കുട്ടികളെ സ്കൂളിൽ അയക്കുന്ന രക്ഷിതാക്കളാണ് ഏറെ ഭയപ്പെട്ട് കഴിയുന്നത്.
തൊട്ടിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി ദേവിയാർ പുഴയിൽ വാളറയിൽ ഡാം നിർമാണം അവസാനഘട്ടത്തിലാണ്. നിർമാണം പൂർത്തിയാകുന്നതോടെ പാലം പൂർണമായി വെള്ളത്തിൽ മുങ്ങാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ പാലം ഉയർത്തി നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. പാലത്തിന്റെ അടിക്കെട്ട് തകർന്ന അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

