വഴിയില്ലാതെ വലയുന്ന ഗ്രാമങ്ങൾ
text_fieldsകൃഷിയിടങ്ങളിൽനിന്ന് പച്ചക്കറികൾ കഴുതപ്പുറത്ത് കയറ്റി കോവില്ലൂരിലെ ചന്തയിൽ എത്തിക്കുന്നു
അടിമാലി: തനതായ പൈതൃകം അവകാശപ്പെടാവുന്ന ആദിവാസി സമൂഹം കൂട്ടത്തോടെ വസിക്കുന്ന വട്ടവട പഞ്ചായത്തിലെ ചിലയിടങ്ങളിൽ ഇപ്പോഴും ഗതാഗതസൗകര്യം അന്യമാണ്. റോഡ്, വൈദ്യുതി, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം അവഗണനയാണ് പ്രദേശവാസികൾ നേരിടുന്നത്. പലയിടത്തും മണ്റോഡുകള് മാത്രമാണ് ആശ്രയം. ഇതാകട്ടെ വളരെ മോശവും.
തൊഴിലുറപ്പ് ജോലിക്കിടെ പരിക്കേറ്റ വയോധികയെ മരക്കമ്പില്‍ തുണിത്തൊട്ടില്‍ ഉണ്ടാക്കി കിലോമീറ്ററുകള്‍ വനത്തിലൂടെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ച സംഭവം ഒരു മാസം മുമ്പാണ് നടന്നത്. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. വിദൂരമേഖലകളിലെ ചില പ്രദേശങ്ങളിൽ എന്ത് അസുഖം വന്നാലും രോഗിയെ ചുമക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഒറ്റപ്പെട്ട സംഭവവമല്ലിത്.
സ്വാമിയാര്‍കുടി, വത്സപ്പെട്ടിക്കുടി, കൂടലാര്‍കുടി തുടങ്ങിയ ഉന്നതികൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുകയാണ്. ഇതില്‍ കീഴ്വത്സപ്പെട്ടിക്കുടിവരെ സാഹസികമായിട്ടെങ്കിലും വാഹനങ്ങള്‍ എത്തും. മറ്റിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ 13 കിലോമീറ്റര്‍ അകലെയുള്ള കാന്തല്ലൂരിലെ പ്രൈമറി ഹെല്‍ത്ത് സെന്ററാണ് ആശ്രയം. ഇവര്‍ ഉളവയല്കുടി വഴി രോഗികളെ ചുമന്ന് എത്തിക്കണം. വിദഗ്ധ ചികിത്സവേണ്ടവര്‍ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വിദ്യാർഥികളില്‍ അധികവും വിദൂര ഇടങ്ങളിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളിലും റെസിഡന്റ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് പഠിക്കുന്നത്.
വൈദ്യുതിയുണ്ട്; ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍
സമ്പൂര്‍ണ വൈദ്യുതി പദ്ധതിയുടെ ഭാഗമായി വട്ടവട പഞ്ചായത്തിലെ ആദിവാസി ഉന്നതികളില്‍ വൈദ്യുതി എത്തിച്ചിരുന്നു. എന്നാല്‍, ഇതിന്റെ പ്രയോജനം ആദിവാസി സമൂഹത്തിനില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറിനപ്പുറം ഇവിടെ വൈദ്യുതി ഇല്ല. വീടുകളില്‍ വൈദ്യുതി എത്തിയതോടെ റേഷന്‍ മണ്ണെണ്ണയും നിലച്ചു. ഇതോടെ പഴയ മണ്ണെണ്ണ വിളക്കുകള്‍ അപ്രത്യക്ഷ്യമായി. ഇപ്പോള്‍ മെഴുകുതിരിവെട്ടമാണ് ആശ്രയം.
കഠിനാധ്വാനം മാത്രം മിച്ചം; കര്‍ഷകർക്കും ചൂഷണം
പച്ചക്കറി കൃഷിയാണ് ഇവിടെ പ്രധാനമായുള്ള തൊഴില്‍ മേഖല. ആദിവാസി ഉന്നതികളിലെ ശീതകാല പച്ചക്കറി കര്‍ഷകർ പലപ്പോഴും വലിയ ചൂഷണത്തിനും വിധേയരാകുന്നുണ്ട്. വിളവിറക്കാനും മറ്റുമായി തമിഴ്നാട്ടില്‍നിന്നെത്തുന്ന ഇടനിലക്കാര്‍ തുച്ഛമായ പണം നല്കി പച്ചക്കറി മൊത്തമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നു.
ഇതോടെ എല്ലുമുറിയെ പണിയെടുത്താലും അരച്ചാൺ വയറ് നിറയുന്നില്ലെന്നതാണ് കർഷകരുടെ അവസ്ഥ. ഗതാഗത പ്രശ്നം തന്നെയാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴും കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ കഴുതപ്പുറത്ത് കയറ്റിയാണ് കോവില്ലൂരിലെ ചന്തയിലെത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വിദൂര കുടികളിലേക്ക് എത്തിക്കുന്നതും ഇതേ രീതിയില്‍ തന്നെ.
(തുടരും )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

