കർക്കിടകത്തിലും മഴയില്ല: ആശങ്കയിൽ അതിർത്തി ജില്ലകളിലെ കർഷകർ
text_fieldsതേനി ജില്ലയിൽ ഞാറ് വിതച്ച വയലുകളും ഇവിടേക്കെത്തുന്ന മുല്ലപ്പെരിയാർ ജലവും
കുമളി: കാർഷിക മേഖലയ്ക്ക് ആശ്വാസം പകർന്ന് തുള്ളിക്കൊരു കുടം കണക്കേ മഴ പെയ്യേണ്ട കർക്കിടകത്തിൽ വേനൽ കടുത്തത് കേരള- തമിഴ് നാട് അതിർത്തി ജില്ലകളിലെ കർഷകരെ ആശങ്കയിലാക്കുന്നു.
കടുത്ത വേനലിൽ ഇടുക്കിയിലെ ഏലം കൃഷി കരിഞ്ഞുണങ്ങി തുടങ്ങിയതാണ് കർഷകരെ വിഷമത്തിലാക്കുന്നത്. വെള്ളമില്ലാത്തത് ഏലത്തിന്റെ വിളവിനെയും ബാധിച്ചു. ഏലക്കാവില ഉയരുന്ന ഘട്ടത്തിൽ ചെറുകിട ഏലം കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വലിയ കുളങ്ങളും ആവശ്യത്തിന് വെള്ളവുമുള്ള വൻകിട ഏലം കൃഷിക്കാർക്ക് മാത്രമാണ് ഇപ്പോൾ ഏലക്ക വിളവെടുക്കാനാവുന്നത്. കൃത്യ സമയത്ത് മഴ ലഭിക്കാത്തതിനാൽ കാർഷിക മേഖലയിലെ വിവിധ ജോലികളും മുടങ്ങി. ഇടുക്കി ജില്ലക്കൊപ്പം അതിർത്തി ജില്ലയായ തമിഴ്നാട്ടിലും ആശങ്ക ശക്തമാണ്. കർക്കിടകത്തിൽ പതിവായി ലഭിക്കുന്ന ചാറ്റൽ മഴയും മുല്ലപ്പെരിയാർ ജലവുമാണ് തേനി ജില്ലയിലെ കാർഷിക മേഖലയുടെ ആശ്രയം. മഴയില്ലാത്തതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതും കടുത്ത വേനൽ ചൂടും നെല്ല്, പച്ചക്കറി കൃഷികളെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു.ഇടക്ക് ലഭിച്ച മഴയിൽ തേനി ജില്ലയിലെ വയലുകളിൽ മുഴുവൻ ഞാറ് നട്ടെങ്കിലും വെള്ളത്തിനായി എന്ത് ചെയ്യുമെന്നറിയാതെ വലിയ പ്രതിസന്ധിയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

