പൊലീസ് ഉദ്യോഗസ്ഥരില്ല അടിമാലിയിൽ തൂഫാൻ പ്രവർത്തനം പാളുന്നു
text_fieldsഅടിമാലി: അടിമാലി പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ അടക്കം മുതിർന്ന ജീവനക്കാരുടെ കുറവുമൂലം ഓപറേഷൻ തൂഫാൻ അടക്കമുള്ള പ്രവർത്തനങ്ങൾ പാളുന്നു. സ്റ്റേഷനിലെ എസ്.എച്ച്.ഒ സ്ഥാനക്കയറ്റം ലഭിച്ച് പോയതോടെ പകരം എസ്.എച്ച്.ഒയെ ഇതുവരെ നിയമിക്കാത്തതാണ് പ്രശ്നമായിരിക്കുന്നത്. ജില്ലയിൽ ലഹരിമാഫിയ സംഘങ്ങളുടെ പ്രവർത്തനം കൂടുതലുള്ള സ്ഥലമാണ് അടിമാലി.
തൂഫാൻ പ്രവർത്തനം ഉൾപ്പെടെ കാര്യക്ഷമമാക്കേണ്ട സമയത്ത് സ്റ്റേഷൻ നിയന്ത്രിക്കേണ്ട എസ്.എച്ച്.ഒ തസ്തികയിൽ ആളില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നു. ഇതോടെ ലഹരി, ചൂതാട്ട സംഘങ്ങൾ പ്രവർത്തനം വ്യാപകമാക്കിയതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. അതുപോലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് അടിമാലിയിൽ ഉണ്ടാകുന്നത്. ആറുമാസത്തിനിടെ നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത ഇവിടെ സന്ധ്യ കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും വിളയാട്ടമാണ്.
ട്രാഫിക് സ്റ്റേഷനിലെ സ്ഥിതിയും ഗുരുതരം
അടിമാലി: എസ്.ഐയടക്കം 24 തസ്തികകളുള്ള അടിമാലി ട്രാഫിക് യൂനിറ്റിൽ ഇപ്പോൾ 11 പൊലീസുകാരാണുള്ളത്. മെഡിക്കൽ ലീവും സ്പെഷ്യൽ ഡ്യൂട്ടിയും കഴിഞ്ഞ് ട്രാഫിക് പോയന്റുകളിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് ഇടാൻ പറ്റാതായി.
സെൻട്രൽ ജംഗ്ഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് നിലവിൽ ഡ്യൂട്ടി ഉണ്ടായിരുന്നത്. ഇപ്പോൾ നാല് ദിവസമായി അതും ഇല്ലാതായി. ആരെങ്കിലും പരാതി പറഞ്ഞാൽ ഒരാൾ കാൽനടയായി എത്തി ആ പ്രശ്നം പരിഹരിച്ച് തിരിച്ചുപോകുന്ന സ്ഥിതിയിലാണ്. ഇതോടെ ടൗണിൽ ട്രാഫിക് കുറ്റകൃത്യങ്ങളും വർധിച്ചു.
46 ജീവനക്കാരുമായിട്ടാണ് 15 വർഷം മുമ്പ് അടിമാലിയിൽ ട്രാഫിക് യൂനിറ്റ് തുടങ്ങിയത്. പിന്നീട് പ്രവർത്തനം ചുരുങ്ങി. വാഹന പെരുപ്പം വലിയ പ്രതിസന്ധി ആയതോടെ അടുത്തിടെ ടൗണിൽ ട്രാഫിക്ക് പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ, പൊലീസിൽ ആളില്ലാത്തതിനാൽ ഒന്നും നടപ്പാക്കാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

