വീടുകളിൽ ഇനി തനിച്ചിരിക്കണ്ട; കുരുന്നുകൾക്ക് സുരക്ഷയൊരുക്കാൻ ‘കൂട്’ പദ്ധതി
text_fieldsതൊടുപുഴ: ജില്ലയിൽ കുരുന്നുകൾക്ക് കൂട്ടായി ‘കൂട്’ ഒരുക്കാൻ ജില്ല ഭരണകൂടം. വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഴുത ബ്ലോക്കിൽ രണ്ടര വർഷം മുമ്പ് നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് ജില്ലതലത്തിൽ വ്യാപിപ്പിക്കാൻ ജില്ല ഭരണകൂടം ഒരുങ്ങുന്നത്. ശനിയാഴ്ച നടന്ന ജില്ല വികസനസമിതി യോഗത്തിൽ ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി.
‘കൂടൊ’രുക്കി മാതൃകയായി അഴുത ബ്ലോക്ക്
കൗമാരക്കാർക്ക് സുരക്ഷിത ഇടം എന്ന നിലയിൽ അഴുത ബ്ലോക്കാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. ബ്ലോക്ക് പരിധിയിലെ തോട്ടം, ട്രൈബൽ മേഖലകളിലെ ആറ്-18 പ്രായപരിധിയുള്ള കുട്ടികളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ. പകൽ മാതാപിതാക്കൾ കൂലിവേലക്കും മറ്റും പോകുമ്പോൾ വീട്ടിൽ തനിച്ചാകുന്ന കൂട്ടികൾക്ക് സുരക്ഷിതമായി ഇരിക്കാൻ ഒരിടം എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വണ്ടിപ്പെരിയാറിൽ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവമായിരുന്നു പദ്ധതിക്ക് വേഗം കൂട്ടിയത്.
വനിത ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അംഗൻവാടികളോട് ചേർന്ന് ഇതിനായി സൗകര്യമൊരുക്കി. ഇവരുടെ മേൽനോട്ടത്തിനായി സൈക്കോളജിയിലോ സോഷ്യൽ വർക്കിലോ യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെയും നിയമിച്ചു. ഇവരുടെ ശമ്പളമടക്കം കാര്യങ്ങൾക്കുളള ഫണ്ടും ബ്ലോക്ക് വകയിരുത്തി. ബ്ലോക്കിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്ത് പരിധിയിലെ നിരവധി കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
കൂട്ടികൾക്കായി ബ്ലോക്ക് ഒരുക്കിയത് അഞ്ച് ‘കൂടു’കൾ
2023 ജനുവരി ഒന്നു മുതലാണ് ബ്ലോക്കിൽ പദ്ധതി ആരംഭിച്ചത്. ഇതിനോടകം വണ്ടിപ്പെരിയാർ പഞ്ചായത്തിൽ അരണക്കൽ, നല്ലതമ്പി കോളനി എന്നിവിടങ്ങളിലും ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം, കുമളി പഞ്ചായത്തിലെ അട്ടപ്പളം, പീരുമേട് പഞ്ചായത്തിലെ തെപ്പക്കുളം എന്നിവിടങ്ങളിലായി അഞ്ച് കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയത്.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ കുട്ടികൾക്ക് ഇവിടെ സുരക്ഷിതമായി കഴിയാം. ഏതെങ്കിലും കുട്ടികളുടെ രക്ഷിതാക്കൾ അൽപംകൂടി വൈകിയെത്തിയാലും കുട്ടികൾക്ക് ഇവിടെ തന്നെ സംരക്ഷണം നൽകണമെന്ന് ഇൻസ്ട്രക്ടർമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
വിപുലീകരണം ലക്ഷ്യമിട്ട് പദ്ധതി
ആരംഭിച്ച് രണ്ടരവർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ചുമതലയുള്ള സി.ഡി.പി.ഒയും പറയുന്നു. ഇതുകൊണ്ടു തന്നെ കുട്ടികൾക്കായി കൂടുതൽ സൗകര്യമൊരുക്കലാണ് ഇവരുടെ ലക്ഷ്യം. ഇതിൽ തന്നെ പുസ്തകങ്ങൾ, സ്പോട്സ് കിറ്റ് അടക്കമുള്ളവക്കാണ് പ്രഥമ പരിഗണന. എന്നാൽ, ഫണ്ട് ഇവിടെ വില്ലനാണ്.
ഏതെങ്കിലുമൊക്കെ സംരംഭങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്താൻ പറ്റുമോയെന്ന ആലോചനയും ഇവർക്കുണ്ട്. ഇതിനിടെയാണ് ബ്ലോക്ക് തലത്തിൽ പദ്ധതിയുടെ വിജയം മനസ്സിലാക്കിയ ജില്ല ഭരണകൂടം പദ്ധതി ജില്ലതലത്തിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി വനിത ശിശുക്ഷേമ വകുപ്പിൽനിന്നും റിപ്പോർട്ടും തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

