വൈദ്യുതിയും വെള്ളവുമില്ല; തലവര മാറാതെ മാങ്കുളം ആശുപത്രി
text_fieldsമാങ്കുളം സർക്കാർ ആശുപത്രി
അടിമാലി: വൈദ്യുതിയും വെള്ളവുമില്ലാത്തതിനാൽ പുതിയ കെട്ടിടത്തിലേക്ക് മാറാൻ കഴിയാതെ ഒരു സർക്കാർ ആശുപത്രി. 40 ലക്ഷം രൂപ മുടക്കി ആറു മാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ മാങ്കുളത്തെ സർക്കാർ ആശുപത്രിക്കാണ് ഈ ദുർഗതി.തീരെ സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഡോക്ടർക്ക് ഇരുന്ന് ചികിത്സ നടത്താൻപോലും സൗകര്യമില്ല. രോഗികൾ മുറ്റത്തുനിന്ന് വേണം ഡോക്ടറെ കാണാൻ. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ല. 20ലേറെ ആദിവാസി കോളനിയിൽനിന്നടക്കം ദിവസവും 400ലേറെ രോഗികളെത്തുന്ന ഇവിടെ ഒരു ഡോക്ടർ മാത്രമാണുള്ളത്. മീറ്റിങ്, മെഡിക്കൽ ക്യാമ്പ് എന്നിവക്കായി അദ്ദേഹം മാറിയാൽ പിന്നെ രോഗികൾ ഔട്ട്.
നേരത്തേ രണ്ട് ഡോക്ടർമാർ ഉണ്ടായിരുന്നു. ഒരാൾ സ്ഥലം മാറിപ്പോയി. ഇതിന് പകരം ആളെ നിയമിച്ചിട്ടില്ല. ഇതോടെ ആശുപത്രി പ്രവർത്തനം താളം തെറ്റി. ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. ഫാർമസിസ്റ്റ് അവധിയിൽ പോയാലും ആശുപത്രി അടച്ചിടണം.
ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി വൈകീട്ട് അഞ്ചുവരെ ചികിത്സ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചെറിയ പനി വന്നാൽപോലും 40 കിലോമീറ്റർ അകലെ അടിമാലി താലൂക്ക് ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ്.നാലു വശവും വനത്താൽ ചുറ്റപ്പെട്ട മാങ്കുളത്ത് ആദിവാസികളാണ് കൂടുതൽ ചികിത്സ തേടിയെത്തുന്നത്.