മുന്നറിയിപ്പ് സംവിധാനങ്ങളില്ല; മരണക്കെണിയായി ത്രിവേണി സംഗമം
text_fieldsമൂലമറ്റം: അധികൃതരുടെ നിസ്സംഗതയിൽ ത്രിവേണി സംഗമവും കനാലും മരണക്കെണിയായി മാറുന്നു. ഇവിടങ്ങളിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽ പെടുന്നത് പതിവാകുമ്പോഴും സുരക്ഷാ മുൻകരുതലുകളൊരുക്കുന്നതിൽ അധികൃതർ കടുത്ത വീഴ്ചയാണ് വരുത്തുന്നത്. പെട്ടെന്നുണ്ടായ ഒഴുക്കിൽ പെട്ട് മൂലമറ്റം എ.കെ.ജി കോളനി സ്വദേശി നടുപ്പറമ്പിൽ അതുൽ ബൈജു (19) മരിച്ചതാണ് ഒടുവിലെ സംഭവം. കൂടെയുണ്ടായിരുന്ന തോട്ടും കരയിൽ നിതീഷ് രാജേഷിനെ (18) നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി.
മാസങ്ങൾക്ക് മുൻപ് കോളജ് വിദ്യാർഥി ഒഴുക്കിൽപെട്ടതും ഇതേ സ്ഥലത്താണ്. നാട്ടുകാർ വിദ്യാർഥിയെ ഉടൻ രക്ഷപെടുത്തുകയായിരുന്നു. രണ്ട് വർഷം മുന്നേ പ്രദേശവാസികളായ രണ്ട് പേർ മരിച്ചതും ഇവിടെ തന്നെയാണ്. മൂലമറ്റം സജി ഭവനിൽ ബിജു (53), സന്തോഷ് ഭവനിൽ സന്തോഷ് (54) എന്നിവർക്കാണ് അന്ന് ജീവൻ നഷ്ടമായത്. കുട്ടികളുമായി കുളിക്കാനെത്തിയ സഹപാഠികളായ സന്തോഷും ബിജുവും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബിജുവിൻറെ മക്കളായ സഞ്ജു, സച്ചിൻ, സന്തോഷിൻറെ മകൻ അഭിഷേക് എന്നിവർ വെള്ളത്തിലിറങ്ങി.
ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മൂവരും ഒഴുക്കിൽ പെടുകയായിരുന്നു. ഇതോടെ കുട്ടികളെ രക്ഷപ്പെടുത്താൻ ഇരുവരും വെള്ളത്തിലേക്ക് ചാടി. പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി. നാട്ടുകാർ കുട്ടികളെ രക്ഷിച്ച് കരയിലെത്തിച്ചപ്പോൾ ബിജുവും സന്തോഷും ചുഴിയിൽ പെട്ടുപോവുകയായിരുന്നു. തന്നെ മിനിറ്റുകൾകൊണ്ട് ഇരുവരെയും രക്ഷിച്ച് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശക്തമായ അടിയൊഴുക്കും തണുപ്പും ഏറെ ആഴവും ജലാശയത്തിലുണ്ട്. എന്നാൽ ഒരിടത്തും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. മൂലമറ്റം കനാലിൽ വീണു അപകടം ഒഴിവാക്കാൻ കെ.എസ്.ഇ.ബി പദ്ധതി തയ്യാറാക്കുമെന്ന് പറഞ്ഞിരുന്നു. അലാറം അടക്കം സംവിധാനങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെ.എസ്.ഇ.ബിയെ സമീപിച്ചിരുന്നു.
എന്നാൽ സംസ്ഥാനത്തെ ആവശ്യമനുസരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാൽ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രായോഗികമല്ലെന്നും പകരം കനാലിൽ കൂടുതൽ പ്രകാശ സംവിധാനം ഒരുക്കുമെന്നുമായിരുന്നു വാഗ്ദാനം. ഇതോടൊപ്പം മഴക്കാലമെത്തുന്നതോടെ കനാലിൻറെ ഇരുകരകരകളിലും വടം സ്ഥാപിക്കാനാവശ്യമായ പൈപ്പുകൾ സ്ഥാപിക്കും.
ഒഴുക്കിൽ പെടുന്ന ആളുകൾക്ക് പിടിച്ചു കയറാൻ ഇത് സഹായകരമാകുമെന്നെല്ലാം ഉറപ്പ് നൽകി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇതൊന്നുമുണ്ടായില്ല. വൈദ്യുതി നിലയത്തിൽ കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ അപകടസാധ്യയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയാൽ ഇത്തരം അപകടങ്ങളൊഴിവാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

