ക്രിക്കറ്റ് @ ‘ഹൈ’റേഞ്ച്
text_fieldsതൊടുപുഴ: ഇടുക്കിയിലെ ക്രിക്കറ്റ് ആവേശം കൊടുമുടി കയറുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള കേരള താരങ്ങളെ പരിശീലിക്കുന്നതിനുള്ള വേദിയാകാനുള്ള തയാറെടുപ്പിലാണ് ജില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ആൺകുട്ടികൾക്കായുള്ള പുതിയ സംസ്ഥാന അക്കാദമിയാണ് ഇടുക്കിയിൽ വരുന്നത്. തൊടുപുഴ തെക്കുംഭാഗത്തെ കെ.സി.എയുടെ ഗ്രൗണ്ടിലാണ് അക്കാദമി നിർമിക്കുക.
അക്കാദമിയിലേക്കുള്ള ജില്ലതല സെലക്ഷൻ ഈ മാസം ആരംഭിക്കും. കെട്ടിടത്തിന് വേണ്ടിയുള്ള രൂപരേഖ തയാറായി. അനുമതിക്കായി ആലക്കോട് പഞ്ചായത്തിൽ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ പണി തുടങ്ങും. പ്രാരംഭ ഘട്ടത്തിൽ വാടകക്കെട്ടിടത്തിലാണ് അക്കാദമി ആരംഭിക്കുന്നതെന്ന് കെ.സി.എ ജില്ല സെക്രട്ടറി വി.ആർ. ബിജു പറഞ്ഞു. അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രായപരിധിയിൽ തീരുമാനമായിട്ടില്ല.
കുട്ടികളുടെ പരിശീലനത്തിനായി ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയം, പ്രാക്ടീസിങ് നെറ്റ്സ് എന്നിവ പുതുതായി നിർമിക്കും. പതിനേഴര ഏക്കർ സ്ഥലമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ളത്. രണ്ട് ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമെയാണ് ഹോസ്റ്റലും അനുബന്ധ സൗകര്യവും ഒരുങ്ങുന്നത്. ഇടുക്കിയിൽനിന്ന് കൂടുതൽ താരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. അംപയർമാർ, സ്കോറർമാർ എന്നിവയെടക്കം വളർത്തിയെടുക്കാൻ അക്കാദമിയിലൂടെ കഴിയും.
താരങ്ങളെ കണ്ടെത്താൻ ഇന്റർസ്കൂൾ ടൂർണമെന്റ്
തൊടുപുഴ: കുട്ടി താരങ്ങളെ വളർത്തിയെടുക്കാൻ സ്കൂളുകളുടെ സഹകരണത്തോടെ ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റുമായി കെ.സി.എ. താൽപര്യക്കാരായ വിദ്യാർഥികളെ കണ്ടെത്തുകയാണ് ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്കൂൾ തലത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതിൽ പങ്കാളികളാകാം. ഇതിന്റെ പ്രാരംഭ നടപടി തുടങ്ങിയതായും കെ.സി.എ ജില്ല സെക്രട്ടറി പറഞ്ഞു. കുട്ടികളെ കണ്ടെത്തി പരിശീലനം നൽകിയാൽ ജില്ലയിൽനിന്ന് മികച്ച കളിക്കാരെ സൃഷ്ടിക്കാൻ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു.
മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്റർ നവീകരണം കെ.സി.എ ഏറ്റെടുക്കും
തൊടുപുഴ: കേരള സ്പോർട്സ് കൗൺസിലിന്റെ മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്ററിന്റെ നവീകരണം കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ ) ഏറ്റെടുക്കും. 16 ഏക്കറിൽ ക്രിക്കറ്റ്, ഫുട്ബാൾ സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കും ഹോസ്റ്റൽ സൗകര്യവും കെ.സി.എ ഒരുക്കും. ക്രിക്കറ്റ് സ്റ്റേഡിയം നടത്തിപ്പും കെ.സി.എക്കായിരിക്കും.
സ്പോർട്സ് കൗൺസിലുമായും കായിക വകുപ്പുമായും പ്രാഥമിക ചർച്ച നടന്നു. കൗൺസിലിന്റെ അന്തിമ തീരുമാനം ഉടനുണ്ടാകും. ഇതിന് മുന്നോടിയായി കെ.സി.എ പ്രസിഡന്റ്, സെക്രട്ടറിയടക്കമുള്ളവർ സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ ജില്ലയിൽ പലയിടത്തും സ്റ്റേഡിയങ്ങൾ ഉയരുന്നത് കുട്ടികളെ കളിക്കളത്തിലേക്ക് കൊണ്ടെത്തിക്കുന്നതിനും ഇതുവഴി ജില്ലക്ക് കായിക മേഖലയിൽ കുതിക്കാൻ കഴിയുമെന്നും സ്പോർട്സ് പ്രേമികളും പ്രതീക്ഷ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

