പുതിയ കരുതൽ മേഖല നിയമം: ആശങ്കയിൽ നാട്ടുകാർ
text_fieldsമലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശവും 100 മീറ്റർ പരിധിയിലെ വീടുകളും
മുട്ടം: വനത്തിലും വനത്തിന് ചുറ്റുപാടും ജീവിക്കാൻ പറ്റില്ല എന്നതായിരുന്നു ഇന്നലെ വരെയുള്ള പ്രതിസന്ധി. എന്നാൽ, ഇന്ന് അതല്ല. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതക്ക് അരികിലും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല എന്നതാണ് നിലവിലെ പ്രതിസന്ധി. വന്യജീവി ആക്രമണങ്ങളും മനുഷ്യ ജീവനാശവും വിളനാശവും മൂലവുമുള്ള പ്രതിസന്ധികളിൽ കർഷകർ നട്ടംതിരിയുമ്പോഴാണ് പുതിയൊരു ഉത്തരവ്.
കേരളത്തിലെ ജല വകുപ്പിന്റെ ഡാമുകളുടെയും ജലസംഭരണികളുടെയും തീരത്തു താമസിക്കുന്നവരെയുമാണ് ഉത്തരവ് പ്രതിസന്ധിയിലാക്കുന്നത്. പ്രത്യേകിച്ച് മലങ്കര റിസർവോയറിന് ചുറ്റും താമസിക്കുന്ന മുഴുവൻ ആളുകളെയും ഏറെ ദോഷകരമായ ബാധിക്കാൻ പോകുന്ന നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടി ആരംഭിക്കേണ്ടതും ഇത് തിരുത്തിക്കേണ്ടതുമാണെന്നാണ് പൊതുജനം പറയുന്നത്.
ഡിസംബർ 26നാണ് ജലസംഭരണികളുടെ പരമാവധി വാട്ടർ ലെവൽ മുതൽ രണ്ട് കാറ്റഗറിയായി തിരിച്ച് കരുതൽ മേഖല തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ല. തുടർന്നുള്ള 100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എക്സി.എൻജിനീയറുടെ എൻ.ഒ.സി വേണം. ഇവിടെയും മൂന്ന് നിലയിലുള്ള (പരമാവധി 10 മീറ്റർ ഉയരം) നിർമാണപ്രവർത്തനങ്ങൾക്കേ അനുമതി നൽകുകയുള്ളൂ.
ഈ സോണിന് കീഴിലുള്ള എല്ലാ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും പുതിയ നിയമം ബാധകമാകും. ഫലത്തിൽ 120 മീറ്റർ നിർമാണ നിരോധനം പ്രാബല്യത്തിലായി. മലങ്കര അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയ വനം വകുപ്പിനു വിട്ടുനൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭ നടപടിയുമായി രാഷ്ട്രീയക്കാരും നാട്ടുകാരും മുന്നേറിയപ്പോൾ അടുത്തത് ക്യാച്ച്മെന്റ് ഏരിയയുടെ കരുതൽ പ്രഖ്യാപനം ആയിരിക്കുമെന്നും അന്നേ ആശങ്ക പങ്കുവെച്ചിരുന്നു. അത് ഇപ്പോൾ യാഥാർഥ്യമായി.
എന്നാൽ, അത്തരത്തിൽ ഒന്നും ഉണ്ടാവില്ല എന്ന വാർത്തസമ്മേളനം വിളിച്ച് ഉറപ്പുപറഞ്ഞ ജില്ലയിലെ ഏകമന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ല. ജില്ലയിൽ മലങ്കര ഡാമാണ് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളത്. അറക്കുളം, കുടയത്തൂർ, മുട്ടം, ഇടവെട്ടി, ആലക്കോട് വെള്ളിയാമറ്റം എന്നീ ആറ് പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഈ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്നത്. ഒട്ടേറെ പട്ടികജാതി-വർഗ കോളനികളും മേഖലയുടെ പരിധിയിലുണ്ട്. ഇവരുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. മലങ്കര ടൂറിസം പദ്ധതി വികസനം മുരടിച്ച് ഇല്ലാതാകും.
ക്യാച്ച്മെന്റ് ഏരിയയുടെ തീരത്ത് വീട് നിർമാണവും മറ്റ് നിർമാണങ്ങളും നടക്കാതെ വരും. നിർമാണം നടത്തുന്നവർ കേസുകളിൽപെടും. തുടങ്ങിയ അനവധി പ്രശ്നങ്ങളാണ് ജനങ്ങൾ ഇനി അനുഭവിക്കേണ്ടത്.
ഇപ്പോൾ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ മാത്രമാണ് കരുതൽ മേഖല തീരുമാനിച്ചിരിക്കുന്നതെങ്കിലും വൈകാതെ മറ്റു ഡാമുകളുടെ പരിധിയിലും ബാധകമാക്കാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. കേരളത്തിൽ 20 ഡാമുകളാണ് ജലവിഭവ വകുപ്പിന് കീഴിലുള്ളത്. ഇതിൽ ഒമ്പതെണ്ണം എണ്ണം പാലക്കാട് ജില്ലയിലും മൂന്നെണ്ണം തൃശൂർ ജില്ലയിലുമാണ്.
ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, വയനാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോ ഡാമുകളും വകുപ്പിന് കീഴിലുണ്ട്. ജലസംഭരണികളുടെ വൃഷ്ടിപ്രദേശം നിലവിൽ ജണ്ടകെട്ടി തിരിച്ചിട്ടുണ്ട്. ഇതിന് പുറത്തേക്ക് കരുതൽ മേഖല വ്യാപിക്കുന്നത് ജന ജീവിതം ദുസ്സഹമാക്കും. മറ്റൊരിടത്തും ഭൂമിയില്ലാത്തവരും 10 സെന്റിൽ താഴെ മാത്രം ഭൂമിയുള്ളവരുമായ ആയിരക്കണക്കിന് കുടുംബങ്ങൾ സർക്കാർ പ്രഖ്യാപിച്ച മേഖലയിൽ താമസിക്കുന്നുണ്ട്. ഇവർക്ക് ഒരു വീട് പോലും നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഈ ഉത്തരവ് മൂലം ഉണ്ടാകുക. അടിയന്തരമായി ഈ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

