നെല്ലാപ്പാറ- മടക്കത്താനം ബൈപാസ്; കാത്തിരിപ്പിന് കാല് നൂറ്റാണ്ട്
text_fieldsതൊടുപുഴ: കാല്‍നൂറ്റാണ്ടായി കാത്തിരിക്കുന്ന നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന മുറവിളി ശക്തമാകുന്നു. ശബരി റെയില്‍ പദ്ധതിക്കു വീണ്ടും ജീവന് വച്ചതോടെ ബൈപാസിന്റെ പ്രസക്തി വര്‍ധിച്ച് വരികയാണ്. ആറു കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട പാതയില്‍ തൊടുപുഴയാറിന് കുറുകെയുള്ള പാലം അടക്കം അങ്കംവെട്ടി-മടക്കത്താനം മൂന്നാം റീച്ചിലെ ഒന്നര കിലോമീറ്ററിലാണ് സ്ഥലം ഏറ്റെടുത്ത് നിര്‍മാണം നടത്തേണ്ടത്. ഇതിനു 38 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നു.
ഭൂമി സര്‍വേ നടത്തി കല്ലിട്ടിട്ടു വര്‍ഷങ്ങളായി. മുന്‍മന്ത്രി പി.ജെ.ജോസഫും വിവിധ രാഷ്ടീയകക്ഷികളും നടത്തിയ സമ്മര്‍ദ ഫലമായി 2001-ല്‍ സര്‍ക്കാർ പ്രഖ്യാപിച്ച ബൈപാസ് 2002 മുതല്‍ ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അഞ്ചു സ്റ്റേറ്റ് ഹൈവേകളെ ബന്ധിപ്പിക്കുന്ന റോഡ് ഭാരവണ്ടികള്‍ക്ക് കുറഞ്ഞ ദൂരത്തില്‍ പടിഞ്ഞാറോട്ടുള്ള യാത്ര സാധ്യമാക്കും. ശബരിപാത വരുമ്പോള്‍ ഉണ്ടാകുന്ന ലെവല്‍ ക്രോസുകള്‍, ഓവര്‍ ബ്രിഡ്ജുകള്‍, അണ്ടര്‍ ബ്രിഡ്ജുകള്‍ തുടങ്ങിയവ ഒഴിവാക്കി യാത്ര സുഗമമാക്കാനുമാകും.
മടക്കത്താനം-നെല്ലാപ്പാറ ദൂരം ഏഴു കിലോമീറ്റര്‍ കുറയുകയും ചെയ്യും. മടക്കത്താനത്തു നിന്ന് തൊടുപുഴ-ഊന്നുകല്‍ റോഡിലേക്കു നീട്ടിയാല്‍ മൂന്നാറിനും മറ്റും പോകുന്നവര്‍ക്കു കൂടുതല്‍ സൗകര്യപ്രദമാകും. ബൈപാസിന്റെ ഒന്നാം റീച്ച് നെല്ലാപ്പാറ-പുറപ്പുഴ ഭാഗം നിര്‍മാണം പൂര്‍ത്തീകരിച്ചതാണ്. രണ്ടാം റീച്ച് പുറപ്പുഴ-അങ്കംവെട്ടി ഭാഗത്ത നിലവിലെ റോഡ് വീതി കൂട്ടേണ്ട കാര്യമേയുള്ളൂ. മൂന്നാം റീച്ച് രണ്ടു ജില്ലകളിലാണ്. അങ്കം വെട്ടി മുതല്‍ തൊടുപുഴയാർ വരെ ഇടുക്കി ജില്ലയിലും പുഴ മുതല്‍ മടക്കത്താനം വരെ എറണാകുളം ജില്ലയിലുമാണ്. ഇടുക്കി ജില്ലയില്‍ സാമൂഹിക പരിസ്ഥിതി ആഘാത പഠനത്തിനുള്ള ഫണ്ട് ലഭിച്ചാല്‍ മറ്റു നടപടികളിലേക്കു കടക്കാനാകും.
പാലം പണിക്കു ടെന്‍ഡര്‍ നല്കി തൂണുകളുടെ ഫൗണ്ടേഷന് നിര്‍മിച്ചിട്ടുണ്ട്. തുടര്‍ നിര്‍മാണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. 2025-26 ലെ ബജറ്റിലും പദ്ധതി സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനി വേണ്ടത് അടിയന്തരമായി പണം അനുവദിക്കലാണ്. ധനമന്ത്രി ഇതിനു പ്രത്യേക താൽപര്യം എടുക്കണമൊണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

