നെല്ലാപ്പാറ വളവ്; നിര്‍ദേശങ്ങൾ ഫയലില്‍ ഉറങ്ങുന്നു
text_fieldsതൊടുപുഴ: തൊടുപുഴ-പാലാ റൂട്ടിലെ നെല്ലാപ്പാറ വളവിൽ അപകടം തുടർക്കഥയാകുമ്പോഴും മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് ഇവിടത്തെ അപകടങ്ങൾക്ക് കാരണം. വളവുകൾ അതേപടി നിലനിർത്തിയാണ് കെ.എസ്.ടി.പി റോഡിന് വീതി കൂട്ടി നിർമാണം പൂർത്തീകരിച്ചത്.
വളവ് ഇല്ലാതാക്കാൻ ഭൂമി ഏറ്റെടുത്തെങ്കിലും ഈ ശ്രമം പിന്നീട് ഉപേക്ഷിച്ചു. റോഡ് വീതി കൂട്ടിയതോടെ വാഹനങ്ങൾ അമിത വേഗത്തിൽ വരുന്നതാണ് അപകടം വർധിപ്പിക്കുന്നത്. 132 കിലോമീറ്റർ പാതയിൽ 27 കൊടുംവളവുകളുള്ള നെല്ലാപ്പാറയിലാണ് പതിവായി അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ ലോഡ് കയറ്റി വന്ന ലോറി മറിഞ്ഞിരുന്നു.
കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. അപകടസാധ്യത കുറക്കാൻ മോട്ടോർ വാഹന വകുപ്പ് ഏതാനും നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇതൊന്നും നടപ്പായില്ല. ഇപ്പോൾ കുഴി നികത്തി ടൈൽ പാകുന്ന ജോലികൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ നാലുവർഷം മുമ്പ് നെല്ലാപ്പാറയിലെ അപകടങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിവരാവകാശ പ്രവർത്തകനായ ടോം തോമസ് പൂച്ചാലിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എർജിനീയർക്ക് ആവശ്യമായ നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിനു ശേഷവും കാര്യമായ നടപടിയുണ്ടായില്ല. അപകടങ്ങൾ പഴയപടി തുടരുകയും ചെയ്തു.
കുത്തിറക്കവും കൊടുംവളവുമാണ് ഇവിടെ അപകടം പതിവാകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. റോഡിൽ വേഗ നിയന്ത്രണത്തിനായി ആ ഭാഗത്ത് റംബിൾ സ്ട്രൈപ്സും റിഫ്ലക്ടിവ് സ്റ്റഡുകളും, ഒരുവശം വലിയ ഗർത്തമായതിനാൽ ബലമുള്ള കോൺക്രീറ്റ് ബാരിയറുകൾ, വാഹനങ്ങൾ ഇടിച്ചാൽ ആഘാതം കുറക്കാൻ റിഫ്ലക്ടറോടു കൂടിയ റബർ കുഷ്യനുള്ള റോളർ ഫെൻസ്, എല്ലാ വളവിനും ഏതാനും മീറ്റർ മുന്നിലായി അപകട മുന്നറിയിപ്പ് ബോർഡുകൾ, രാത്രി മുന്നറിയിപ്പിനായി സോളാർ ബ്ലിങ്കിങ് ലൈറ്റ് എന്നിവ സ്ഥാപിക്കുകയും തകരാറിലായ വഴിവിളക്കുകൾ തെളിക്കുകയും, പതിവായി അപകടമുണ്ടാകുന്ന കുരിശുപള്ളി വളവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്താൽ അപകടം ഒഴിവാക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

